gokulam-kerala

കൊൽക്കത്ത: ഐ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരകളിലൊന്നായ രാജസ്ഥാൻ യുണൈറ്റഡിനെതിരെ ലീഗിലെ ഏറ്റവും മികച്ച ആക്രമണനിര സ്വന്തമായുള്ള ഗോകുലം കേരള എഫ് സി കളത്തിലിറങ്ങുന്നു. നാളെ വൈകുന്നേരം അഞ്ച് മണിക്ക് കൊൽക്കത്തയിലെ കല്ല്യാണി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ആറ് മത്സരങ്ങളിൽ നിന്ന് 14 പൊയിന്റുമായി ഗോകുലം ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഇതുവരെ കളിച്ച ഒരു മത്സരത്തിലും ഗോകുലം പരാജയം അറിഞ്ഞിട്ടില്ല. അതേസമയം ആറു കളികളിൽ നിന്നും ഒമ്പത് പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ.

സ്ലോവേനിയൻ താരം ലുക്കാ മജ്‌സെൻ, മലയാളി താരം എം എസ് ജിതിൻ, ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചർ എന്നിവർ അടങ്ങുന്ന ആക്രമണ നിരയിലാണ് ഗോകുലത്തിന്റെ ശക്തി. അതേസമയം രാജസ്ഥാൻ യുണൈറ്റഡിന്റെ ബലം പ്രതിരോധത്തിലാണ്. ഇത് വരെ രണ്ടു ഗോളുകൾ മാത്രമാണ് ആറ് കളികളിൽ നിന്ന് രാജസ്ഥാൻ വഴങ്ങിയിട്ടുള്ളത്.

ലീഗിൽ രണ്ടു പോയിന്റിന് മുന്നിൽ നിൽക്കുന്ന മുഹമ്മദന്സിനെ കഴിഞ്ഞ മത്സരത്തിൽ ഗോകുലം സമനിലയിൽ തളച്ചിരിന്നു. "രാജസ്ഥാന് എതിരെ ഗോൾ നേടുക ദുഷ്കരമായിരിക്കും. അവരുടെ സെന്റർ ബാക്ക് ഡോസ് സാൻറ്റോസ് ലാ ലീഗയിൽ കളിച്ച കളിക്കാരനാണ്. പക്ഷെ നമ്മുടെ ആക്രമണ നിരയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്," ഗോകുലം കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

മൂന്ന് ഗോളുകളായി ജിതിനും, എട്ടു ഗോളുകളുമായി ലൂക്കായുമാണ് ഗോകുലത്തിന്റെ അക്രമണനിരയിൽ തിളങ്ങുന്നത്. ഫ്‌ളെച്ചറിന് രണ്ടു ഗോളുകൾ ആണ് ഉള്ളത്. ഗോകുലം കീപ്പർ രക്ഷിത് ദാഗറും മികച്ച പ്രകടനമാണ് ഇത് വരെ കാഴ്ചവെച്ചത്.