sectry

കൊച്ചി: പണിമുടക്ക് ദിവസം ജോലിയ്‌ക്ക് ഹാജരായ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച കേസിൽ സിപിഎം ലോക്കൽ സെക്രട്ടറിയടക്കം രണ്ടുപേർ അറസ്‌റ്റിൽ. പഞ്ചായത്ത് സെക്രട്ടറിയായ കെ.മനോജിനെ ജോലിക്കിടെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ പിണ്ടിമന ലോക്കൽ സെക്രട്ടറി ബിജു പി.നായർ, ജെയ്‌സൺ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.

മർദ്ദനത്തിൽ പരിക്കേറ്റ മനോജിനെ പ്രാഥമിക ചികിത്സയ്‌ക്കായി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെ സമരാനുകൂലികൾ പഞ്ചായത്ത് ഓഫീസിലെത്തി മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണയിൽ ജോലി ചെയ്യവെയാണ് വീണ്ടും സമരാനുകൂലികളെത്തി മർ‌ദ്ദിച്ചത്. സംഭവത്തിൽ കേസെടുത്ത കോതമംഗലം പൊലീസ് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ട ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ഇതിനിടെ സംസ്ഥാനത്ത് പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ ബാധകമാക്കി സർക്കാ‌ർ ഉത്തരവിറക്കി. ഒഴിവാക്കപ്പെടാനാകാത്ത കാരണത്താലല്ലാതെ സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകാതിരിക്കരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥർക്ക് യാത്രാ സൗകര്യം ഉറപ്പാക്കാൻ കെഎസ്‌ആർടിസി എം.ഡിയ്‌ക്കും ജില്ലാ കളക്‌ടർമാർക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.