tewatia

മുംബയ്: ഐ പി എല്ലിലെ അരങ്ങേറ്റക്കാരുടെ അത്യന്തം ആവേശകരമായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് . ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റണ്ണെടുത്തു. മറുപടി ബാറ്റിംഗിൽ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യം മറികടന്നു.

ഗുജറാത്തിന് അവസാന ആറ് ഓവറുകളിൽ 71 റൺ ജയിക്കാൻ വേണ്ടിയിരുന്നു. ഡേവിഡ് മില്ലർ (21 പന്തിൽ 30), രാഹുൽ തെവാത്തിയ (24 പന്തിൽ 40) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്. തെവാത്തിയ ആയിരുന്നു കൂട്ടത്തിൽ ഏറ്രവും അപകടകാരി. ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ 33 റൺ എടുത്ത് പുറത്തായി. ലക്നൗവിന് വേണ്ടി ദുഷ്മാന്ത ചമീര രണ്ട് വിക്കറ്രും ആവേശ് ഖാൻ, കൃണാൾ പാണ്ഡ്യ, ദീപക് ഹൂ‌ഡ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ ടോസ് നേടി ലക്നൗവിനെ ബാറ്റിംഗിന് അയച്ച ഗുജറാത്ത് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തുടക്കമാണ് മുഹമ്മദ് ഷമി നൽകിയത്. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ ലക്നൗ ക്യാപ്ടൻ കെ എൽ രാഹുലിനെ മടക്കി അയച്ച ഷമി മത്സരത്തിൽ മൂന്ന് വിക്കറ്റുകളെടുത്തു.അർദ്ധസെഞ്ചുറികൾ നേടിയ ദീപക് ഹൂഡയുടെയും (41 പന്തിൽ 55 റൺ) ആയുഷ് ബദോനിയുടെയും (41 പന്തിൽ 54) ബാറ്റിംഗ് മികവിലാണ് ലക്നൗ തുടക്കതിലെ മോശം തുടക്കത്തെ അതിജീവിച്ചത്. ഒരു ഘട്ടത്തിൽ 29-4 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു ലക്നൗ. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്ക് പുറമേ രണ്ട് വിക്കറ്റെടുത്ത വരുൺ ആരോണും ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനും ചേർന്നാണ് ലക്നൗവിനെ തകർത്തത്.