
ദമ്പതികളിൽ സെക്‌സിനോട് താത്‌പര്യം കുറഞ്ഞുവരുന്നത് ഇന്ന് സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ഹോർമോണുകളിലെ വ്യതിയാനം, തൊഴിൽ സമ്മർദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ എന്നിവയാണ് സെക്സിനോട് താൽപര്യം കുറയുന്നതിന്റെ കാരണങ്ങളായി ഡോക്ടർമാർ പറയുന്നത്.
പങ്കാളിയിലുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ, പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വൈകാരിക അസംതൃപ്തി, പ്രസവം തുടങ്ങിയ കാര്യങ്ങൾ ലൈംഗികാഭിലാഷങ്ങൾ കുറയുന്നതിന് കാരണങ്ങളാകാം. . ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും സെക്സ് ലെെഫിനെ ഒരുപോലെ ബാധിക്കുന്നു. സ്ത്രീകൾ 20കളുടെ മദ്ധ്യത്തിലെത്തുമ്പോൾ അവരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുന്നു, തുടർന്ന് ആർത്തവവിരാമം എത്തുന്നത് വരെ കൃത്യമായി കുറഞ്ഞു കൊണ്ടിരിക്കുകയും അത് നിലയ്ക്കുകയും ചെയ്യും.
വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയിഡ് പോലുള്ള രോഗാവസ്ഥകൾ എന്നിവ സ്ത്രീയുടെ ലൈംഗികതയെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാം.
ആർത്തവ വിരാമത്തിലേക്കുള്ള പരിവർത്തന സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നതും സ്ത്രീകളിൽ ലൈംഗിക താത്പര്യം കുറയുന്നതിന് ഇടയാക്കും. ആർത്തവ വിരാമത്തെതുടർന്ന് യോനിയിലെ ടിഷ്യുകൾ വരണ്ടതാക്കുകയും വേദനാജനകമായ അല്ലെങ്കിൽ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുകയും ചെയ്യും.
ഗർഭകാലത്തും കുഞ്ഞുണ്ടായതിനുശേഷവും മുലയൂട്ടുന്ന സമയത്തും ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ സെക്‌സ് ഡ്രൈവിനെ തടസപ്പെടുത്തും. ക്ഷീണം അല്ലെങ്കിൽ കുഞ്ഞിനെ പരിപാലിക്കുന്ന സമ്മർദ്ദം എന്നിവയും സെക്സിനോടുള്ള താൽപര്യം കുറയ്ക്കാം.