bharat-bandh

തിരുവനന്തപുരം: ജനത്തെ വലച്ച് ദേശീയ പണിമുടക്ക് രണ്ടാം ദിനം. കെ എസ് ആർ ടി സി ഇന്നും സർവീസ് നടത്തുന്നില്ല. കഞ്ചിക്കോട് കിൻഫ്രയിൽ ജോലിക്കെത്തിയവരെ സി ഐ ടി യു തൊഴിലാളികൾ തടഞ്ഞു. കോഴിക്കോട് ഭൂരിഭാഗം പെട്രോൾ പമ്പുകളും തുറന്നില്ല.

അതേസമയം സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് ജോലിക്കെത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാർക്ക് സുരക്ഷ ഒരുക്കാൻ പൊലീസിനും, യാത്രാ സൗകര്യം ഒരുക്കാൻ കെ എസ് ആർ ടി സിക്കും നിർദേശം നൽകിയിട്ടുണ്ട്. സമരം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും,​ സമരം തടഞ്ഞുകൊണ്ട് സർക്കാർ ഉടൻ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.

ഒട്ടുമിക്ക സർക്കാർ ഓഫീസുകളും ഇന്നലെ അടഞ്ഞ് കിടന്നു. സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നിരുന്നില്ല. തട്ടുകടപോലും പ്രവർത്തിക്കാൻ അനുവദിച്ചില്ല. വ്യവസായമേഖലയെയും പണിമുടക്ക് കാര്യമായി ബാധിച്ചു.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അർദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.