
കൊച്ചി: റോഡരികിൽ നാളുകളായി കിടക്കുന്ന ഏഴ് വാഹനങ്ങളെ ഒഴിവാക്കി ശേഷിക്കുന്ന ഭാഗത്ത് ടാർ ചെയ്ത് കൊച്ചി കോർപ്പറേഷൻ കാട്ടിയ 'മാതൃക' നാട്ടുകാർക്ക് ചിരിക്കാനുള്ള വകയായി. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് ഇതിന്റെ ദൃശ്യങ്ങൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഇരുവശത്തുമുള്ള സ്‌റ്റേഡിയം ലിങ്ക് റോഡിലാണ് 35 ലക്ഷം മുടക്കിയുള്ള ഈ 'അപൂർവ' ടാറിംഗ്. കാരണക്കോടം ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം മെട്രോ സ്റ്റേഷൻവരെ 440 മീറ്ററിൽ മൂന്നുദിവസമെടുത്താണ് ടാർ ചെയ്തത്.
റോഡരികിൽ കിടക്കുന്ന ഉപയോഗശൂന്യമായ കാർ ഉൾപ്പെടെയുള്ള വാഹനങ്ങളെ എടുത്തുമാറ്റാതെ അതിന്റെ ചുറ്റിനും ടാർ ചെയ്യുകയായിരുന്നു. കാലടി മേരീസദൻ പ്രോജക്ട്സിനാണ് കരാർ. കോർപ്പറേഷന്റെ സൂപ്പർവൈസർമാർ മേൽനോട്ടത്തിനുണ്ടായിരുന്നു. അതേസമയം, നാലുതവണ കോർപ്പറേഷന് കത്തു നൽകിയിട്ടും വാഹനങ്ങൾ മാറ്റിയില്ലെന്നാണ് കരാർ കമ്പനിയുടെ പ്രതിനിധി പറയുന്നത്. എന്നാൽ, വാഹനങ്ങൾ നീക്കണമെന്ന് കരാറുകാരോട് നിർദ്ദേശിച്ചിരുന്നുവെന്ന് കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം വാദിക്കുന്നു. സംഭവം വിവാദമായതോടെ വാഹനങ്ങൾ എടുത്തുമാറ്റി ആ ഭാഗത്തുകൂടി ടാർ ചെയ്യാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
വാഹനങ്ങൾ അടിയന്തരമായി നീക്കി ആ ഭാഗം ഉടൻ ടാർ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വി.എച്ച്.നിധീഷ്, അസി.എൻജിനിയർ
കോർപ്പറേഷൻ ടാറിംഗ് വിഭാഗം
വാഹനങ്ങൾ മാറ്റേണ്ട ഉത്തരവാദിത്വം കരാറുകാരനാണ്. കോർപ്പറേഷൻ മാറ്റേണ്ട കാര്യമില്ല. മാറ്റുകയുമില്ല.
ജോർജ് നാനാട്ട്, വാർഡ് കൗൺസിലർ