health

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാൻ സാദ്ധ്യതയുള്ല പ്രധാന അസുഖങ്ങളിലൊന്നാണ് ലൈംഗിക അണുബാധകൾ അഥവാ എസ് ടി ഐകൾ. പലപ്പോഴും നിസാരമായ ലക്ഷണങ്ങൾ മാത്രമേ ഇവ കാണിക്കുകയുള്ളു. അതിനാൽ തന്നെ ലക്ഷണങ്ങൾ ഉണ്ടാവുമെങ്കിലും അവ പെട്ടെന്ന് വന്നുപോകുന്നതുകൊണ്ട് പലരും ഇതിന് വേണ്ട ശ്രദ്ധ നൽകാറില്ല എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരം ചില നിസാര ലക്ഷണങ്ങളെ പറ്റി അല്ല. അണുബാധ നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു എന്നതിന്റെ ചില ലക്ഷണങ്ങളെ പറ്റിയാണ്. ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഗുരുതരമായ അണുബാധ നിങ്ങളെ പിടികൂടിയിരിക്കുന്നു എന്നതിന് വിദഗ്ദ്ധർ പറയുന്നതുമായ ചില ലക്ഷണങ്ങൾ നോക്കാം. നിങ്ങളുടെ ശരീരവും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അതിനെ നിസാരമായി കാണരുത്.

1. ചുവന്ന കണ്ണുകൾ

കണ്ണിലെ ചുവന്ന നിറവും കൺപോളകൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നതുമായ ലക്ഷണങ്ങൾ കാണുമ്പോൾ നേത്രരോഗങ്ങളാണെന്ന് കരുതി ഡോക്ടറെ കാണുകയാണ് പലരും ചെയ്യുന്നത്. എന്നാൽ കണ്ണിലെ ഈ ലക്ഷണങ്ങളോടൊപ്പം പനി,ക്ഷീണം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടെങ്കിൽ അത് ലൈംഗിക അണുബാധയുടെ ലക്ഷണമാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

2.മുടി കൊഴിച്ചിൽ

അണുബാധ തുടങ്ങി രണ്ട് മാസം മുതൽ രണ്ട് വർഷം വരെ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ല സാദ്ധ്യതയുണ്ട്. അതിനാൽ പുരികങ്ങൾ, കൈകാലുകൾ, കൺപീലികൾ എന്നിവിടങ്ങളിൽ അമിതമായി മുടികൊഴിച്ചിൽ ഉണ്ടാവുകയാണെങ്കിൽ എത്രയും വേഗം ചികിത്സ തേടണം.

3.സന്ധി വേദന

കൈ, കാൽ തുടങ്ങിയ സന്ധികളിലെ വേദനയും വീക്കവും ലൈംഗിക അണുബാധയുടെ ലക്ഷണങ്ങളാണ്. സന്ധികളുടെ പാളികളിൽ ബാക്ടീരിയ കാണപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഉടനടി ചികത്സിച്ചില്ലെങ്കിൽ ഇത് വലിയ ആപത്തിലേയ്ക്ക് നയിക്കും.

4.മുഴകൾ

മലദ്വാരത്തിന് ചുറ്റും കാണപ്പെടുന്ന മുഴകൾ പൈൽസ് ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ ഇത് അണുബാധ രൂക്ഷമായതിന്റെ ലക്ഷണമാണ്. അതിനാൽ ഈ ലക്ഷണമുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.