
നെടുങ്കണ്ടം: പാല് കുടിച്ചാൽ മനുഷ്യനും മൃഗങ്ങളും മാത്രമല്ല സസ്യജാലങ്ങളും മികച്ചതാകും എന്ന് തെളിയിച്ചിരിക്കുകയാണ് കമ്പംമെട്ട് അങ്ങാടിയിൽ ബേബി. മുപ്പതോളം പഴവർഗ്ഗങ്ങളാണ് ബേബി തന്റെ പുരയിടത്തിൽ പാലുകൊടുത്ത് പരിപാലിക്കുന്നത്. ക്യാൻസർ രോഗികൾക്ക് ഏറ്റവും പ്രയോജനകരമാക്കുന്ന ഡ്രാഗൺ ഫ്രൂട്ട് മുതൽ മാതള നാരകം വരെ നീളുന്ന പഴങ്ങളുടെ ശേഖരമാണ് ബേബിയുടെ പുരയിടത്തിൽ.
ആദ്യകാലത്ത് പറമ്പിൽ ഉണ്ടായിരുന്ന പേഴ് എന്ന മരത്തിൽ ഒരു ഏറു മാടം കെട്ടിയാണ് താമസം തുടങ്ങിയത് അങ്ങനെ പേഴേമാടം ബേബി എന്ന പേരിലാണ് അറിയപ്പെടാൻ തുടങ്ങിയത്. ആദ്യകാലം മുതൽ തന്നെ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. 2.5 ഏക്കർ സ്ഥലത്ത് ഏലം കാപ്പി , കുരുമുളക് , ജാതി ഇവയ്‌ക്കൊപ്പം രണ്ട് വർഷമായി പഴവർഗ്ഗങ്ങൾ കൂടി കൃഷി ചെയ്യുന്നു. ആപ്പിൾ, ഓറഞ്ച് പേര, റമ്പൂട്ടാൻ , ലിച്ചി മാംഗോസ്റ്റിൻ,മൂട്ടി, അത്തി,ദുരിയൻ മാതളനാരകം ബട്ടർ ഫ്രൂട്ട് , ആപ്പിൾ തുടങ്ങി 30 ഓളം പഴവർഗങ്ങൾ കൃഷി ചെയ്യുന്നു. ഇതിനു പുറമെ മത്സ്യ കൃഷിയും. കന്നുകാലികളെയും വളർത്തുന്നു . ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുന്ന തോട്ടത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ എല്ലാ ചെടികളിലും ഒരു ലിറ്റർ പശുവിൻ പാല് കൂടി നൽകും എന്നതാണ് കൗതുകകരമായ കാര്യം.
പാലൊഴിക്കുന്നതിലൂടെ ചെടികൾ മികച്ച രീതിയിൽ വളരും എന്ന് ബേബി സ്വയം പരീക്ഷിച്ച് ഉറപ്പ് വരുത്തുകയായിരുന്നു . കരുണാപുരം കൃഷി ഭവനിൽ നിന്നും ഉദ്യേഗസ്ഥർ എത്തി വ്യത്യസ്തമായ കൃഷിരീതികൾ കണ്ടു മനസ്സിലാക്കുകയും കർഷകനെയും അഭിനന്ദിക്കുകയും എല്ലാ വിധ പിന്തുണയും കൃഷിഭവന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അറിയിച്ചു. ബട്ടർ ഫ്രൂട്ട് ഡ്രാഗൺ ഫ്രൂട്ട് എന്നിവയുടെ തൈകളും ബേബിയുടെ പക്കൽ ലഭ്യമാണ്.