
ഖ്വാണ്ട: പതിനാലു വയസുള്ള മകളെ പീഡിപ്പിച്ച അൻപത്തിയഞ്ചുകാരനെ പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് തലയറുത്ത് കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. മദ്ധ്യപ്രദേശിലെ ഖ്വാണ്ടയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച അജ്‌നൽ നദിയിൽ മൃതദേഹം കണ്ടെത്തിയതോടെ സംഭവം പുറത്തറിയുകയായിരുന്നു.
സക്താപുർ സ്വദേശിയായ ത്രിലോക് ചന്ദ് ആണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. ഇയാളും പെൺകുട്ടിയുടെ പിതാവും ബന്ധുക്കളായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് ത്രിലോകിനെ ബൈക്കിൽ കയറ്റി അജ്‌നൽ നദിക്കരയിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വച്ച് ത്രിലോകിനെ തലവെട്ടികൊലപ്പെടുത്തിയ ശേഷം കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയിൽ തള്ളുകയായിരുന്നു.
സംഭവത്തിൽ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.