cow

ലണ്ടൻ: കശാപ്പിനായി കൊണ്ടു പോയ പശു രക്ഷപ്പെട്ടോടിയതിനെ തുടർന്ന് പൊലീസ് വെടിവച്ചു കൊന്നു. പൊതുനിരത്തിലേക്ക് ഓടിയ പശു ആക്രമണ സ്വഭാവം കാണിച്ചതോടെയാണ് പൊലീസിന് വെടിവച്ചു കൊല്ലേണ്ടി വന്നത്.

ഇംഗ്ലണ്ടിലെ വെയിൽസിലാണ് സംഭവം നടന്നത്. പ്രദേശത്തെ അറവു ശാലയിലേക്ക് പശുക്കളെ കൂട്ടത്തോടെ എത്തിച്ചെങ്കിലും അതിലൊരെണ്ണം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. നടുറോഡിലൂടെ അക്രമാസക്തയായി ഓടുന്ന പശുവിനെ കണ്ട് ജനങ്ങളും പേടിച്ചു.

പശുവിനെ പിടിച്ച് കെട്ടാനായി പലരും ശ്രമിച്ചെങ്കിലും അവരെല്ലാം പേടിച്ച് പിന്മാറി. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പശുവിനെ മെരുക്കാൻ ബുദ്ധിമുട്ടിയതോടെ മൃഗരോഗവിദഗ്ദ്ധരെ ഉൾപ്പെടെ പൊലീസ് സ്ഥലത്തേക്ക് വിളിച്ചു വരുത്തി.

മയക്കി കിടത്താൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. അടുത്തേക്ക് ചെല്ലുന്നവരെയെല്ലാം കുത്താൻ പാകത്തിലായിരുന്നു പശുവിന്റെ നിൽപ്പ്. ആക്രമണ സ്വാഭാവം കൂടിയതോടെ പ്രദേശത്തെ ഗതാഗതവും താത്കാലികമായി നിറുത്തി വയ്‌ക്കേണ്ടി വന്നു.

പശുവിനെ ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയില്ലെന്നും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും മനസിലായതോടെയാണ് ഉദ്യോഗസ്ഥർ വെടിവച്ചു കൊല്ലാൻ തീരുമാനിച്ചത്. അതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ആർക്കും പരിക്കുകളുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.