
പാലക്കാട്: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളെ ക്രൂരമായി മർദിച്ച ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കാണ് മർദമേറ്റത്. സംഭവത്തിൽ സെക്രട്ടറി കെ വിജയകുമാറിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
നവജാതശിശുക്കൾ മുതൽ അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളാണ് ശിശുപരിപാലന കേന്ദ്രത്തിലുള്ളത്.വിജയകുമാർ പലപ്പോഴായി കുഞ്ഞുങ്ങളെ മർദിച്ചുവെന്ന് കേന്ദ്രത്തിലെ ആയയാണ് പരാതി നൽകിയത്. സ്‌കെയിൽ ഉപയോഗിച്ചായിരുന്നു കുഞ്ഞുങ്ങളെ തല്ലിയത്. ഫോണിൽ സംസാരിക്കവെ കുട്ടികൾ കരഞ്ഞതിൽ പ്രകോപിതനായാണ് മർദനം. ഇത് സംബന്ധിച്ച് പാർട്ടിക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനാൽ ആയ ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ കെ വിജയകുമാർ രാജിവച്ചു.
ആയയുടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വിജയകുമാറിനെതിരെ പൊലീസിലും പരാതി നൽകിയിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് സി പി എം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു.