dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ രണ്ടാമത്തെ ദിവസവും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് നടൻ ഹാജരായത്. എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യങ്ങളെ സമ‌ർത്ഥമായി നേരിടുകയാകും ദിലീപിന് മുന്നിലെ പ്രധാന വെല്ലുവിളി.

തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മ‌ർദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക. ഇന്ന് ഇരുകൂട്ടർക്കും നി‌ർണായകമാണ്. ദിലീപിനെ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർ ഏഴു മണിക്കൂ‌ർ ചോദ്യം ചെയ്‌തിരുന്നു. പല ചോദ്യങ്ങളോടും നടൻ നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ചില നി‌ർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇതുവരെ ശേഖരിച്ച മൊഴികളും ഫോറൻസിക് വിവരങ്ങളും കോർത്തിണക്കിയായിരുന്നു ചോദ്യങ്ങൾ. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു. ഏപ്രിൽ 15ന് മുൻപ് തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.