lisy-philip

തൊടുപുഴ: ബസ് ജീവനക്കാരനെ യുവാവ് വെടിവച്ചുകൊന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രതി ഫിലിപ്പ് മാർട്ടിന്റെ മാതാവ് ലിസി മാർട്ടിൻ. തട്ടുകടയിൽവച്ച് ആളുകൾ മർദിച്ചതാണ് മകനെ തോക്ക് എടുത്ത് വരാൻ പ്രേരിപ്പിച്ചതെന്നും വെടിയേറ്റവർ അക്രമി സംഘത്തിലുൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ലിസി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇത്രയുമധികം ആളുകൾ മർദിക്കാൻ എത്തിയതിൽ ദുരൂഹതയുണ്ടെന്നും തട്ടുകടയിൽ എന്താണ് സംഭവിച്ചതെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ലിസി പറഞ്ഞു. തട്ടുകടയിലെത്തി ബീഫും പൊറോട്ടയും ആവശ്യപ്പെട്ടപ്പോൾ ഫിലിപ്പിന് നൽകിയില്ലെന്നും മറ്റൊരാൾക്ക് നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ബന്ധുവായ ജിജു വ്യക്തമാക്കി.

ജിജുവിനൊപ്പമാണ് ഫിലിപ്പ് അന്ന് തട്ടുകടയിലെത്തിയത്. ശനിയാഴ്ച രാത്രി മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. ഭക്ഷണത്തെച്ചൊല്ലി ഫിലിപ്പ് ബഹളംവച്ചപ്പോൾ കടയിലുണ്ടായിരുന്നവർ ഇയാളെ മർദിക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോയ പ്രതി തോക്കെടുത്ത് വന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ് കീരിത്തോട് സ്വദേശി സനൽ ബാബു (34) മരിച്ചത്. സനലിന്റെ സുഹൃത്തിനും വെടിയേറ്റിരുന്നു.