 
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചെന്നൈ കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദളിത് വനിതാ മേയർ സ്ഥാനമേറ്റെടുത്തത്. 28 കാരിയായ ആർ. പ്രിയാ രാജൻ. ശിങ്കാര ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാണ് എം.കോം ബിരുദധാരിയായ പ്രിയ. താരാ ചെറിയാൻ, കാമാക്ഷി ജയരാജൻ എന്നിവരാണ് ഇതിനു മുമ്പ് മേയർ പദവിയിലെത്തിയ വനിതകൾ. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് 200 വാർഡുകൾ ഉൾപ്പെടുന്ന ചെന്നൈ കോർപ്പറേഷൻ മേയർ പദവി. ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പുറമെ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും നേരത്തെ മേയർ പദവി വഹിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരത്തെ ആര്യാരാജേന്ദ്രനെപോലെ, വളരെ ചെറുപ്പത്തിൽ തന്നെ ചെന്നൈ നഗരഭരണത്തിന്റെ തലപ്പത്തേക്ക് പ്രിയ കടന്നുവന്നിട്ട് അധികനാളായില്ല. അപ്പോഴേക്കും പ്രിയ ചെന്നൈയുടെ പുതിയ തലൈവിയായി മാറിക്കഴിഞ്ഞു.
''കഷ്ടപ്പെടുന്ന എല്ലാ വനിതകൾക്കുമുള്ള അംഗീകാരമാണ് തന്റെ മേയർ പദവിയെന്ന്"" സ്ഥാനമേറ്റെടുത്ത അന്ന് തന്നെ പറഞ്ഞ പ്രിയ, വടക്കൻ ചെന്നൈയിൽ നിന്നും മേയർ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ വനിത കൂടിയാണ്. പതിനെട്ടുവയസ്സ് മുതൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പാർട്ടി കേഡറാണെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രിയയുടെ ആദ്യ ചുവടായിരുന്നു ഈയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ്. ചെന്നൈ നഗരത്തിന്റെ പകിട്ടുകളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന ഒരു മേഖലയാണ് വടചെന്നൈ എന്നറിയപ്പെടുന്ന വടക്കൻ ചെന്നൈ. ഒരുപാട് ചരിത്രങ്ങൾ ഇവിടെ ഉറങ്ങി കിടക്കുകയാണ് എന്നാണ് പൊതുവേ പറയപ്പെടാറുള്ളത്. തമിഴ് സിനിമകളിൽ റൗഡികളുടേയും  ഗുണ്ടകളുടേയും കോട്ടയായിട്ടാണ് ഈ പ്രദേശത്തെ പതിവായി ചിത്രീകരിക്കാറുള്ളത്. അതുകൊണ്ടാണ് വട ചെന്നൈയുടെ പശ്ചാത്തലത്തിൽ നിറയെ സിനിമകൾ വന്നതും വന്നു കൊണ്ടിരിക്കുന്നതും. അങ്ങനെയുള്ള ഒരു പ്രദേശത്തിന്റെ പ്രതിനിധിയായി എത്തിയ പ്രിയ തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയെ പോലെയാണ് എല്ലാവരോടും സൗഹൃദം പങ്കു വയ്ക്കുന്നത്. അധികാരമേറ്റതു മുതൽ വിശ്രമമില്ലാതെ പ്രയത്നിച്ചു വരുന്ന മേയർ പ്രിയയെ കേരള കൗമുദിക്ക് വേണ്ടി കാണുകയും സംസാരിക്കുകയുമുണ്ടായി. പ്രിയയുടെ കരുത്തുറ്റ വാക്കുകളിലൂടെ... 
എന്നുമുതലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത് ? 
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവമായി രാഷ്ട്രീയത്തിലുണ്ട്. എന്റെ കുടുംബത്തിന് പരമ്പരാഗതമായി തന്നെ രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നു. എന്റെ അമ്മാവൻ ചെങ്ങൈ ശിവം ഡി.എം.കെയുടെ മുൻ നിയമസഭാംഗമായിരുന്നു. അച്ഛൻ രാജൻ, ഡി.എം.കെ മണ്ഡലം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. അങ്ങനെ രാഷ്ട്രീയ ചർച്ചകൾ കണ്ടും കേട്ടും വളർന്ന എനിക്ക് സ്വാഭാവികമായി രാഷ്ട്രീയത്തിൽ താത്പര്യമുണ്ടായി. പഠിക്കുന്ന കാലത്ത് ഒരു അദ്ധ്യാപികയാകാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്നാൽ കാലം മറ്റൊരു ദിശയാണ് എനിക്ക് കാണിച്ചു തന്നത്. ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഈയിടെ നടന്ന നഗരസഭാ തിരഞ്ഞെടുപ്പ് മുതലാണ് ഞാൻ ഗൗരവത്തോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് പറയാം. 
 
ചെന്നൈ കോർപ്പറേഷനിലെ ആദ്യത്തെ ദളിത് വനിതാ മേയർ. ചരിത്രപ്രാധാന്യമുള്ള പദവിയെ എങ്ങനെയാണ് നോക്കി കാണുന്നത്? 
വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. കാരണം ഇപ്പോൾ എനിക്ക് അധിക ഉത്തരവാദിത്തമുണ്ട്, ചെയ്യാൻ ഏറെ കാര്യങ്ങൾ മുന്നിലുണ്ട്. മുഖ്യമന്ത്രി സ്റ്റാലിൻ അവർകൾ എനിക്ക് വലിയ ഉത്തരവാദിത്തമാണ് തന്നിരിക്കുന്നത്. ഇതുവരെ തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഒരു ദളിത് യുവതിയെ മേയറായി നിയമിച്ചിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു തീരുമാനമെടുത്ത് എല്ലാവർക്കും മാതൃകയായിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് എന്റെ മേൽ വലിയ വിശ്വാസമുണ്ട്. ആ വിശ്വാസത്തെയും പ്രതീക്ഷയെയും ഞാൻ കാത്തുസൂക്ഷിക്കുകയും നിറവേറ്റുകയും ചെയ്യും. അതിനുള്ള പരിശ്രമത്തിലാണ് ഞാൻ. 
വളരെ ചെറുപ്പത്തിൽ തന്നെ വലിയ പരമ്പര്യം ഉള്ള ചെന്നൈയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രതികരണങ്ങൾ പറയാമോ? 
മേയർ പദവിയിൽ സ്ഥാനമേറ്റെടുത്തത് മുതൽ ഒന്നു നിൽക്കാൻ പോലും സമയമില്ലാത്ത തിരക്കാണ്. ആരോടും വ്യക്തിപരമായി സംസാരിക്കുവാൻ പോലും സമയം കിട്ടിയിട്ടില്ല. ഞാൻ ഈ പദവിയിലേക്ക്  എത്തിയതിൽ എല്ലാവർക്കും  വളരെയധികം സന്തോഷമുണ്ട്. ഞങ്ങളിൽ ഒരാളെയാണ് മേയറായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന തോന്നലാണ് അവർക്കെന്നാണ് ഞാൻ മനസിലാക്കുന്നത്. അവർ അതു പറയുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. അത് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നതും. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നന്നായി നിറവേറ്റാൻ സാധിക്കണം. ആ ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. 

വടക്കൻ ചെന്നൈയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്താണ് അവിടെ പ്രധാന പ്രശ്നമായി നിങ്ങൾ കാണുന്നത്? 
അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അനവധി പ്രദേശങ്ങൾ വടക്കൻ ചെന്നൈയിലുണ്ട്. കുടിവെള്ളലഭ്യത, വൈദ്യുതിക്ഷാമം, ശുചിമുറികളുടെ അഭാവം,മോശം റോഡുകൾ തുടങ്ങി അനവധി പ്രശ്നങ്ങളാണ് ആ മേഖലയിലെ ജനങ്ങൾ നേരിടുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് വടക്കൻ ചെന്നൈയിൽ നിന്നും ഞാൻ തിരഞ്ഞെടുക്കപ്പെടുന്നത്. എന്നെ വലിയ പ്രതീക്ഷയോടെയാണ് ആ പ്രദേശ വാസികൾ കാണുന്നത്. ഞാൻ പ്രതിനിധീകരിക്കുന്ന വടചെന്നൈയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് മേയറെന്ന നിലയിൽ എന്റെ ആദ്യത്തെ ജോലിയും പ്രധാന വെല്ലുവിളിയും. 
വികസനം എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിന്നത്. ചെന്നൈ നഗരത്തിന്റെ വികസനസമീപനം എങ്ങനെയായിരിക്കും? 
മുഖ്യമന്ത്രി സ്റ്റാലിൻ അവർകൾ തുടങ്ങി വെച്ച 'ശിങ്കാര ചെന്നൈ 2.0"പദ്ധതിയിലൂടെ നഗരത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമാക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാൾ ഒരു പാട് മേഖലകൾ കോർപ്പറേഷനിലേക്കു കൂട്ടിച്ചേർത്തിട്ടുണ്ട്. ചെന്നൈ കോർപ്പറേഷനിൽ ആകെയുള്ള 200 വാർഡുകളിലും ഒരുപോലെ വികസന പദ്ധതികളുടെ പ്രയോജനം എത്തിക്കാൻ ശ്രമിക്കും. അടിസ്ഥാന വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. മലിനീകരണം കുറക്കാനും മാലിന്യ സംസ്കരണം മികച്ചതാക്കാനും ശ്രമിക്കും. പ്രവർത്തനത്തിൽ സുതാര്യതയും ഉറപ്പു വരുത്തും. 

അടിയന്തരശ്രദ്ധ ആവശ്യമുണ്ടെന്ന് കരുതുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? 
മഴക്കാലത്ത് വെള്ളം തങ്ങി നിന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനാണ് ആദ്യം പ്രാധാന്യം കൊടുത്തു ചെയ്തു വരുന്നത്. അഴുക്കു ചാലുകളും മറ്റും മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ വച്ച് കാര്യങ്ങൾ ചെയ്തു വരികയാണിപ്പോൾ. ഞാൻ താമസിക്കുന്ന വടക്കൻ ചെന്നൈയിൽ പതിവായി വെള്ളക്കെട്ട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയ ശേഷം വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നടപടികളാരംഭിച്ചിട്ടുണ്ട്. അത് വേഗത്തിലാക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കൂടുതൽ മികച്ചതാക്കാനും ജനകീയമാക്കാനും പദ്ധതികൾ ഉണ്ട്. 
നഗരത്തിൽ ഏറെയുള്ള മലയാളികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വികസനമായിരിക്കുമോ നടപ്പാക്കുക? 
ചെന്നൈ നഗരത്തിൽ തമിഴ് ജനതയ്ക്കൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾ, അതിൽ നിറയെ ഉള്ള മലയാളികളും പരമ്പര പരമ്പരകളായി നല്ല സൗഹൃദത്തോടെ ഇവിടെ ജീവിച്ചു വരികയാണ്. ചെന്നൈയിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ എല്ലാ സംസ്ഥാനങ്ങളിലും  മറ്റു രാജ്യങ്ങളിലും മലയാളികളുടെ സാന്നിധ്യം വളരെയധികമാണ്. ചെന്നൈ നഗരത്തിന്റെ വളർച്ചയിൽ മലയാളികൾക്കു മാത്രമല്ല, മറ്റു ഇതര സംസ്ഥാനത്തു നിന്നും ഇവിടെ എത്തിയ ജനങ്ങൾക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് വികസനം എല്ലാവരിലും ഒരുപോലെ എത്തിക്കുവാനാണ് ശ്രമിക്കുന്നത്. 
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രിയയുടെ യാത്ര എങ്ങനെയായിരിക്കും? 
എന്നും ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണനയും മുഖ്യപരിഗണനയും. അതിനുവേണ്ടിയാണ് ജനങ്ങളും മുഖ്യമന്ത്രിയും ചേർന്ന് എന്നെ തിരഞ്ഞെടുത്തത്. ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യാൻ ഞാൻ ശ്രമിക്കും. ജനങ്ങൾക്കൊപ്പം അവരുടെ പുരോഗതിക്കായി ഉറച്ചു നിൽക്കും. 

രാഷ്ട്രീയത്തിലേക്ക്  വരാൻ ആഗ്രഹിക്കുന്ന യുവതികളോട് മേയർക്ക് പറയുവാനുള്ളതെന്താണ്? 
സ്ത്രീകൾ മാനസികമായും ശാരീരികമായും ശക്തരാണെങ്കിലും രാഷ്ട്രീയത്തിലേക്ക് വരാൻ മടിക്കുകയാണ്. അതിന് പ്രധാന കാരണം ഭയം തന്നെയാണ്. ഇപ്പോൾ കാലം മാറി. എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ട്. ആ കാലത്തെ ഉൾക്കൊണ്ട് നല്ല അവസരങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്ത്രീകളും അതിൽ തന്നെ യുവതികളും രാഷ്ട്രീയരംഗത്ത് മുന്നോട്ടുവരണം. വിദ്യാഭ്യാസമേഖലയെടുത്ത് നോക്കിയാലും സ്ത്രീകൾ എത്രയോ മുന്നിലാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകൾ രാഷ്ട്രീയരംഗത്തേക്ക് ധൈര്യത്തോടെ കടന്നു വരണം. രാഷ്ട്രീയത്തെ പൊതുജനങ്ങൾക്കായി സേവനം ചെയ്യാനുള്ള ഒരവസരമായി കാണണം. കൂടുതൽ സ്ത്രീകൾ പൊതുരംഗത്തേക്ക് വരുകയാണെകിൽ അത് ഓരോ കുടുംബത്തിനും നാടിനും വളരെ ഗുണം ചെയ്യും. കാരണം സ്ത്രീകൾക്ക് പൊതുസമൂഹത്തിന്റെ പ്രശ്നങ്ങൾ അറിയാം, അത് എളുപ്പത്തിൽ മനസിലാക്കാൻ അവർക്ക് സാധിക്കും. ഏതൊരു പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കണ്ടെത്തുന്നവരുമാണ് സ്ത്രീകൾ. അവർക്ക് നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പുരുഷന്മാർക്ക് തുല്യമായ പദവികളും അംഗീകാരങ്ങളും നേടണമെങ്കിൽ സ്ത്രീകളോട്, അതിലും പ്രധാനമായി യുവതികളോട് പറയാനുള്ളത്, ഭയപ്പെടാതെ രാഷ്ട്രീയത്തിലേക്ക് കടന്നു വരൂ എന്നു മാത്രമാണ്. 
രാഷ്ട്രീയത്തിൽ നിങ്ങളുടെ പ്രചോദനം ആരാണ്?
തീർച്ചയായും ഇപ്പോഴത്തെ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തന്നെയാണ് ഞങ്ങളുടെ പ്രചോദനം. കടുത്ത പ്രതിസന്ധിയുടെ നടുവിലാണ് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ അദ്ദേഹം ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാടിനെ ഇന്ത്യയിലെ തന്നെ  ഒന്നാംകിട സംസ്ഥാനമാക്കണം എന്ന ലക്ഷ്യത്തോട് കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചു വരുന്നത്. ആ ലക്ഷ്യം നിറവേറ്റുന്ന വിധത്തിൽ തന്നെയായിരിക്കും ഞങ്ങളുടെ പ്രവർത്തനങ്ങളും. 
രാഷ്ട്രീയം, ഡി.എം.കെ പാർട്ടി ഇവയ്ക്കെല്ലാം പുറമെ ആരാണ് പ്രിയ? 
പ്രിയ നിങ്ങളുടെ അടുത്ത വീട്ടിലെ സ്ത്രീയാണ്. അല്ലെങ്കിൽ ഒരു അനുജത്തിയാണ്, ചേച്ചിയാണ്. അല്ലെങ്കിൽ ഒരു അമ്മയാണ്. അവൾ വളരെ ഫ്രണ്ട്ലിയായ ഒരു സ്ത്രീയാണ്. എല്ലാവരുമായും ഉടൻ ചങ്ങാത്തത്തിലാകും. ചുറ്റുമുള്ളവർ സന്തോഷിക്കണമെന്ന് കരുതുന്ന ഒരു സാമൂഹ്യസേവക കൂടിയാണെന്ന് പറയാം. ചിത്രരചന ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരി കൂടിയാണ്.