
ഇടവേളയില്ലാതെയാണ്  സിനിമയിൽ ഐശ്വര്യ ലക്ഷ്മി  അഭിനയിക്കുന്നത്. വെള്ളിത്തിരയിലെ അഞ്ചു വർഷ യാത്രയിൽ 17 സിനിമകൾ.എല്ലാ സിനിമയിലും കൈയൊപ്പ് പതിഞ്ഞ കഥാപാത്രങ്ങൾ.ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്ന സംവിധായകൻ മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ " ഉൾപ്പെടെ ഒരുപിടി തെന്നിന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ച് മലയാളത്തിന് അഭിമാനമായി ഐശ്വര്യ ലക്ഷ്മി തലയെടുപ്പോടെ നിൽക്കുന്നു.പുതുവർഷത്തിൽ ആദ്യം എത്തിയ സിനിമയാണ് 'അർച്ചന 31 നോട്ടൗട്ട്" ഇനി 'കുമാരി" ആണ് വരാൻ പോകുന്നത്. കുമാരിയിൽ സഹസംവിധായികയുടെ കുപ്പായം കൂടി അണിയുന്നു. തെലുങ്കിൽ തിളങ്ങാൻ അരങ്ങേറ്റ ചിത്രം 'ഗോഡ് സെ"ഉടൻ എത്തും. രണ്ടാമത്തെ തെലുങ്ക് ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐഷു ബോളിവുഡിലേക്ക് വൈകാതെ ചേക്കേറാനാണ് ഒരുങ്ങുന്നത്.സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഐശ്വര്യ ലക്ഷ്മി മനസ് തുറന്ന് സംസാരിച്ചപ്പോൾ.
നവാഗതരുടെ സിനിമകളെ എങ്ങനെയാണ് സമീപിച്ചത് ?
സിനിമയെപ്പറ്റിയും അഭിനയത്തെപ്പറ്റിയും ഒന്നും അറിയാതെയാണ് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള"യിൽ നായികയാവുന്നത്. എന്താണ് സിനിമ, അഭിനയം എന്നറിയാൻ  വേണ്ടി ചെയ്ത സിനിമയാണത്. എന്നാൽ അപ്പോൾ മുതൽ സിനിമയോട് സ്നേഹം തോന്നി. ആദ്യമായി സിനിമ ചെയ്തതിന്റെ സന്തോഷം അനുഭവപ്പെട്ടു. സിനിമ  പാഷനാണെന്ന് തിരിച്ചറിഞ്ഞു. സ്ക്രീനിൽ കാണുമ്പോൾ ഉണ്ടാവുന്ന ഇമോഷൻ മനസിലാകുന്നതും ഈ സിനിമയിൽ  അഭിനയിച്ചപ്പോഴാണ്. ' അർച്ചന 31 നോട്ടൗട്ട്" ചെയ്യുമ്പോൾ നടി എന്ന നിലയിൽ പക്വത കൈവന്നുവെന്ന് തോന്നി. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ആകാംക്ഷയും അത്ഭുതവും ഒന്നും  പുതിയ സിനിമയിൽ ഉണ്ടായില്ല. എങ്ങനെയാണ് ഒരു സിനിമ കൂടുതൽ നന്നാക്കുക എന്നതിലായിരുന്നു ശ്രദ്ധ. അതിലൂടെ മുമ്പോട്ടുപോകാൻ ശ്രമിച്ചു.
സിറ്റി ഗേൾ ബോൾഡ് കഥാപാത്രങ്ങളിൽ മാത്രം അഭിനയിച്ചപ്പോൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചോ?
നല്ല കഥാപാത്രങ്ങളായിരുന്നു എല്ലാവരും. അതിനാൽ മാറ്റം വേണമെന്ന്  ആഗ്രഹിച്ചില്ല. എന്നാൽ ഗ്രാമീണ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചു. പലപ്പോഴും സിനിമകൾ എത്ര നന്നായാലും ''ഇതിലും അർബനാണല്ലോ ഐശ്വര്യ"" എന്ന ചോദ്യങ്ങൾ വരാറുണ്ടായിരുന്നു. ഗ്രാമീണ കഥാപാത്രങ്ങൾ കൂടി ചെയ്യണമെന്ന് അപ്പോൾ മുതലാണ് ആഗ്രഹിച്ചു തുടങ്ങുന്നത്. സിറ്റിഗേൾ കഥാപാത്രങ്ങൾ എല്ലാം എന്റെ അഭിനയ ജീവിതത്തിൽ വലിയ പങ്കുവഹിച്ചു. എന്നെ ഒാരോ പ്രാവശ്യവും മുന്നിലേക്ക് കൊണ്ടുപോവുകയും വളർച്ചയിൽ സഹായിക്കുകയും ചെയ്തത് മായാനദിയും വരത്തനും വിജയ് സൂപ്പറും പൗർണമിയും അതിന്റെ സംവിധായകരുമാണ്.
'പൊന്നിയിൻ ശെൽവനി"ൽ അഭിനയിക്കുന്നതിന് മുമ്പ് മണിരത്നം സിനിമ സ്വപ്നം കണ്ടോ?
സിനിമയിൽ അഭിനയിക്കുമെന്ന് അറിയാത്ത സമയത്തുപോലും മണിരത്നം എന്ന സംവിധായകനെ ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയെപ്പറ്റി എന്തെങ്കിലും പഠിക്കാൻ ആഗ്രഹിച്ചപ്പോൾ ആദ്യം കണ്ടത് മണിരത്നം സാറിന്റെ സിനിമകളായിരുന്നു. മണിരത്നം സിനിമകൾ കണ്ടുകഴിഞ്ഞാൽ വേറിട്ട അനുഭവം മാത്രമല്ല കഥാപാത്രങ്ങൾ ഉള്ളിൽ നിന്നു ഇറങ്ങിപ്പോവാതെ കുറെദിവസം തട്ടി നിൽക്കും. ഇതെല്ലാം സ്ഥിരമായി മണിരത്നം സിനിമകളിൽ നിന്നാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. സിനിമയിലേക്ക് വന്നപ്പോൾ മണിരത്നം സാറിന്റെ സംവിധാനത്തിൽ ഒരിക്കലെങ്കിലും ഭാഗമാകണമെന്ന് അതിയായി ആഗ്രഹിച്ചു. അത് നടന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്.
മെഡിസിൻ രംഗത്തേക്ക് മടങ്ങാൻ വീട്ടുകാർ ഇപ്പോഴും നിർബന്ധിക്കുന്നുണ്ടോ?
സിനിമയിലാണ് എന്റെ ശ്രദ്ധ മുഴുവൻ എന്ന് അച്ഛനും അമ്മയ്ക്കും അറിയാം. അതിനാൽ ഇപ്പോൾ നിർബന്ധിക്കാറില്ല. ഇടയ്ക്ക് ചോദിക്കാറുണ്ട്,  മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന്. അത്തരം സംസാരങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോൾ മാറി നിൽക്കാൻ കഴിയില്ലെന്ന് രണ്ടുപേർക്കും അറിയാം. സിനിമയിൽ നിന്നു മാറിനിൽക്കുന്ന സമയത്ത് ഡോക്ടർ ജോലിയിലേക്ക് മടങ്ങിപ്പോവുമെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്.
സംവിധാനം ഐശ്വര്യലക്ഷ്മി എന്ന് വായിക്കാൻ കഴിയുമോ?
സംവിധായികയാവണമെന്ന ആഗ്രഹം ഇല്ല. അഭിനയം ഏറെ പാഷനോടെയാണ് ചെയ്യുന്നത്. ഒരിക്കലും ജോലിയായി തോന്നിയില്ല. എന്നാൽ സംവിധാനം പാഷനില്ലാതെ ചെയ്യുമ്പോൾ അതു ജോലിയും ഭാരവുമായി മാറും. അത്തരം ഭാരം ചുമക്കാൻ തത് കാലം താത്പര്യമില്ല. അഭിനയത്തോട് താത്പര്യം കൂടിയത് കൊണ്ട് കാമറയുടെ പിന്നിൽ പ്രവർത്തിച്ചാൽ എല്ലാ മേഖലയെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും സിനിമയിലുള്ള ഇടത്തെപ്പറ്റിയും  മനസിലാക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കുമാരിയിൽ സഹസംവിധായികയായത്. അഭിനയത്തോടുള്ള ഇഷ്ടം കൂടുകയേ ചെയ്തിട്ടുള്ളു.
അഭിനയം  വിലയിരുത്തുകയും  മാറ്റം വേണമെന്ന് തിരിച്ചറിയുകയും ചെയ്തത്  എപ്പോഴായിരിക്കും?
വിലയിരുത്തൽ എപ്പോഴും നടക്കുന്നു. ഓരോ സീൻ ചെയ്യുമ്പോഴും മോണിറ്ററിൽ കാണുമ്പോഴും  വിലയിരുത്തൽ  ഉണ്ടാവാറുണ്ട്. സംവിധായകനുമായി ഇതേപ്പറ്റി സംസാരിക്കുമ്പോൾ ഉണ്ടാകുന്നു. സിനിമ റിലീസാകുന്ന സമയത്ത് ഒരുപാട് നിർദ്ദേശങ്ങളും അഭിനന്ദനങ്ങളും ലഭിക്കും. ഒപ്പം ഉപദേശങ്ങളും. മുന്നോട്ടുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന അഭിപ്രായങ്ങളാണ് എനിക്ക് ലഭിക്കുക. ആ രീതിയിൽ ഉൾക്കൊണ്ട് മാറ്റം വേണമെങ്കിൽ അത് ചെയ്തു മുന്നോട്ടു പോവുന്നു.
ജീവിതത്തിൽ സിനിമ എന്തുമാറ്റം വരുത്തി ?
നല്ല മാറ്റം മാത്രം തന്നു. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ സിനിമയിലാണ് വളർന്നത്. ഞാൻ എന്താണെന്ന് മനസിലാക്കാൻ കഴിയുന്നു. പലപ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥയിലും മുമ്പോട്ടുള്ള ജീവിതത്തെ നോക്കി കാണുമ്പോഴും സിനിമയിൽ വന്നശേഷം എന്റെ  ചിന്തയിൽ മാറ്റം വന്നിട്ടുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. എനിക്ക് സന്തോഷം മാത്രമല്ല ജീവിതവും തരുന്നു സിനിമ. പലപ്പോഴും ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം സിനിമ തന്നെയാണ്.
എപ്പോഴായിരിക്കും  ഐശ്വര്യയുടെ വിവാഹം ?
വിവാഹത്തിന് താത്പര്യമില്ലെന്ന് അച്ഛനോടും അമ്മയോടും മുൻപേ പറഞ്ഞിട്ടുണ്ട്. രണ്ടുപേരും അത് മനസിലാക്കിയിട്ടുള്ളതിനാൽ വിവാഹത്തിന് നിർബന്ധിക്കാറില്ല. എപ്പോഴെങ്കിലും വിവാഹം നടന്നാൽ ഉറപ്പായും അത് പ്രണയ വിവാഹമായിരിക്കും.
ഐഷു എന്ന്  ആരാണ് ആദ്യം  വിളിച്ചത് ?
അച്ഛനും അമ്മയുമാണ് ഐഷു എന്ന് ആദ്യം വിളിക്കുന്നത്. സോഷ്യൽ  മീഡിയയിൽ  അക്കൗണ്ട് തുടങ്ങിയപ്പോൾ ഐഷു എന്ന പേര് വച്ചു. ആസമയത്ത് സിനിമയിൽ വന്നിട്ടില്ല. വീട്ടിൽ മാത്രം വിളിച്ച പേരാണ് ഇപ്പോൾ ആളുകൾ എല്ലാം വിളിക്കുന്നത്. ഐഷു എന്ന പേരിലാണ് ഞാൻ കൂടുതൽ പരിചിത. ആ വിളിയിലൂടെത്തന്നെ സ്നേഹം കിട്ടുന്നുണ്ട്. അത്രയ്ക്ക് സ്നേഹമുള്ളവരാണ് എന്നെ ഐഷു എന്ന് വിളിക്കുക. ആ വിളി കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്.