
കീവ് : യുക്രെയിനിലെ റഷ്യൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോഴും യുദ്ധത്തിൽ സമ്പൂർണമായി വിജയിക്കാൻ റഷ്യയ്ക്കായിട്ടില്ല. യുക്രെയിനിൽ കടന്ന റഷ്യൻ സൈനികർ യുക്രെയിൻ പൗരൻമാരെ ക്രൂരമായി കൊലപ്പെടുത്തുകയും വീട്ടമ്മമാകെ പീഡിപ്പിക്കുകയും ചെയ്യുന്നതായി യുക്രെയിൻ ആരോപിക്കുന്നു. സാധാരണക്കാരെ വീടുകളിൽ നിന്നും പുറത്തേക്ക് തള്ളി വിടുകയും ചെയ്യുന്നുണ്ട്. കൗൺസിൽ ഒഫ് യൂറോപ്പിന്റെ പാർലമെന്ററി അസംബ്ലിയിൽ യുക്രെയ്നിന്റെ പ്രതിനിധി സംഘത്തെ നയിക്കുന്ന മരിയ മെസെന്റ്‌സേവയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
റഷ്യൻ സൈനികർ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മരിയ മെസെന്റ്‌സേവ ആരോപിച്ചു. സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ റഷ്യൻ സൈന്യത്തിന്റെ ക്രൂരതയെകുറിച്ച് സംസാരിച്ചു. തലസ്ഥാനമായ കീവിന് സമീപത്തെ പട്ടണത്തിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയ റഷ്യൻ സൈനികൻ ഗൃഹനാഥനെ കൊലപ്പെടുത്തി, ശേഷം കുട്ടികളുടെ മുന്നിൽ വച്ച് വീട്ടമ്മയെ ക്രൂരമായി പലയാവർത്തി ബലാത്സംഗം ചെയ്തു. മദ്യലഹരിയിലാണ് സൈനികൻ ആക്രമണം നടത്തിയത്. ഈ സംഭവത്തിൽ യുക്രെയ്നിലെ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനിഡിക്‌ടോവ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ഇർപിൻ നഗരം നരക തുല്യമായിരിക്കുകയാണ്. ഇവിടെ വീടുകളിൽ കയറി സൈന്യം ആളുകളെ കൊലപ്പെടുത്തുന്നു. തങ്ങൾ അനുഭവിക്കുന്ന അപമാനത്തിനും ദുരന്തത്തിനും ഉത്തരവാദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണെന്ന് അഭിമുഖത്തിൽ മരിയ മെസെന്റ്‌സേവ പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 20,000 യുക്രെയിൻ പൗരൻമാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ പത്ത് ദശലക്ഷത്തിലധികം ആളുകൾ ഭവന രഹിതരായി കൂട്ട പലായനത്തിന് നിർബന്ധിതരായി. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ ഏകദേശം 160,000 ആളുകൾ റഷ്യൻ സൈന്യത്താൽ വളയപ്പെട്ടിരിക്കുകയാണ്. ഇവർ ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമായി കഷ്ടപ്പെടുന്നുണ്ട്. റഷ്യൻ അധിനിവേശത്തിൽ യുക്രെയിനുണ്ടായ സാമ്പത്തിക നഷ്ടം 565 ബില്യൺ ഡോളറിലെത്തിയതായി യുക്രെയിൻ ഭരണകൂടം വെളിപ്പെടുത്തി.