
വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന ഫലമാണ് ചക്ക. ചക്കപ്പഴത്തിന് മധുരമുണ്ടെങ്കിലും പ്രമേഹ രോഗത്തെ ചെറുക്കാൻ ഉത്തമമാണ് ഇത്. വിളഞ്ഞ് പാകമായ ചക്കച്ചുളയിൽ 74 ശതമാനം വെള്ളമാണ്. 100 ഗ്രാം ചക്ക 95 കലോറി ഊർജം  പ്രധാനം ചെയ്യുന്നു. ചക്കയിലെ എ, സി ജീവകങ്ങൾ ആന്റി ഓക്സിഡന്റുകളായും പ്രവർത്തിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ രക്തധമനികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.പൊട്ടാസ്യം, കാൽസ്യം എന്നീ  മൂലകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചച്ചക്കയിലെ നാരുകളിൽ 60 ശതമാനവും വെള്ളത്തിൽ ലയിക്കാത്തവയാണ്. ഈ നാരുകൾ കൊഴുപ്പിന്റെ ആഗിരണം തടയുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. വൻകുടലിലെ അർബുദത്തിന് കാരണമാകുന്ന കാർസിനോജനുകളെ പുറന്തള്ളാനും ഈ നാരുകൾ സഹായിക്കുന്നു.