s-jaysankar-sl-president

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യയുടെ സഹായം. ഭക്ഷണവും മരുന്നും ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളർ കൂടിയാണ് ലങ്കയ്ക്ക് ഇന്ത്യ വായ്പയായി നൽകുന്നത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ 50 കോടി ഡോളർ രാജ്യത്തിന് വായ്പ നൽകിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സഹായം. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനം ഉണ്ടായത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ജയ്ശങ്കർ ശ്രീലങ്കയിലെത്തിയത്.

ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെ രാജ്യത്തിന്റെ ഈ പ്രതിസന്ധി നേരിടാൻ സാമ്പത്തിക സഹായം നൽകുന്നതിന് ഇന്ത്യയോട് നന്ദി അറിയിച്ച് പ്രസിഡന്റിന്റെ ഓഫീസ് വാർത്താ കുറിപ്പ് ഇറക്കി. തങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കുന്നതുൾപ്പടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയെ സന്ദർശിച്ചുവെന്നും അതിൽ സന്തോഷമുണ്ടെന്നും ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ തുടർച്ചയായ സഹകരണം എന്നും രാജ്യത്തിന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകിയതായി ട്വീറ്റിൽ പറയുന്നു.

ശ്രീലങ്കയുടെ ഉന്നതനേതൃത്വവുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനും ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ ഉൾപ്പടെയുള്ള ഏഴു രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ എക്കണോമിക് കോ ഓപ്പറേഷൻ (ബിംസ്‌റ്റെക്) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി ഇന്നലെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കയിൽ എത്തിയത്. ബുധനാഴ്ച നടക്കുന്ന ഉച്ചകോടിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി അഭിസംബോധന ചെയ്യും.

ജനുവരി പകുതി മുതൽ കറൻസി കൈമാറ്റം, തിരിച്ചടവ്, ഇന്ധനം വാങ്ങുന്നതിനും അവശ്യ ഇറക്കുമതികൾക്കുമായി വായ്പകൾ എന്നിവയുടെ രൂപത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് സാമ്പത്തിക ആശ്വാസം നൽകി വരികയാണ്. കഴിഞ്ഞ മാസം രാജ്യത്തിന്റെ പണപ്പെരുപ്പം 15.1 ശതമാനത്തിലെത്തിയതോടെ ഭക്ഷ്യ വിലപ്പെരുപ്പം 25.7 ശതമാനമായി ഉയരുകയും ചെയ്തു. ഇന്ധനവിലയും താങ്ങാൻ ആവുന്നതിന് അപ്പുറമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. ഈ മാസം ആദ്യം ലങ്കയുടെ സെൻട്രൽ ബാങ്ക് രൂപയുടെ മൂല്യം ഉയർത്തിയതോടെ രാജ്യത്തെ കറൻസി 30 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ഡോളറിന് 275 രൂപ എന്ന നിരക്കിൽ എത്തി. ഒരു കപ്പ് പാലിന്റെ വില ഹോട്ടലുടമകൾ 100 രൂപയായി ഉയർത്തി. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് രണ്ടായിരം ടൺ അരി നൽകുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഒപ്പം 40,000 ടൺ ഡീസൽ നൽകുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.