
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് പണിമുടക്ക് മാത്രമാണെന്നും ഹർത്താലല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച് ഉത്തരവിറക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെയും കോടിയേരി വിമർശിച്ചു.
'ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം സറണ്ടർ ചെയ്യാൻ സാധിക്കുകയില്ല. ദേശീയ പണിമുടക്കിനെ മാത്രമല്ല ഇത് ബാധിക്കുന്നത്. ഭാവിയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവർദ്ധനവിൽ പ്രശ്നം വന്നാൽ, അവരുടെ ആനുകൂല്യങ്ങളിൽ പ്രശ്നം വന്നാൽ അതിനൊക്കെ എതിരെ സമരം ചെയ്യാനുള്ള അവകാശം ഇതോടുകൂടി ഇല്ലാതാവുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് കോടതി വിധി' കോടിയേരി വിമർശിച്ചു.
'മുൻപ് ഹൈക്കോടതി ബന്ദ് നിരോധിച്ചു. പിന്നീട് ഹർത്താൽ നിരോധിച്ചു. ഇപ്പോൾ സർക്കാർ ജീവനക്കാരുടെ പൊതു പണിമുടക്കും നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നു. ഇത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. ഒരു പ്രതികരണവും പാടില്ല. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് കോടതിയുടേത്. ഇത്തരം നിലപാടുകൾ പുനഃപരിശോധിക്കാൻ ജുഡീഷ്യറി തയ്യാറാകണം. ധാരാളം സമരങ്ങളും പണിമുടക്കുകളും നടത്തിയ ശേഷമാണ് നാട്ടിൽ ഇന്ന് കാണുന്ന മാറ്റങ്ങൾ വന്നത്. കടകൾ തുറന്നാൽ അടപ്പിക്കേണ്ടതില്ല. എന്നാൽ സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണം' അദ്ദേഹം ആവശ്യപ്പെട്ടു.