
സംരംഭകർ ഓഫീസുകൾ കയറിയിറങ്ങി വലയേണ്ടതില്ല ഇനി. വ്യവസായവകുപ്പ് നിങ്ങളെ തേടിയിറങ്ങുകയാണ്. കേരളത്തിൽ സംരംഭകനാകാൻ താത്‌പര്യമുള്ള വ്യക്തി ഇനി സർക്കാരിന്റെ കൈപിടിച്ചോളൂ. നിങ്ങളെ സംരംഭകനാക്കാനുള്ള ബൃഹദ് പദ്ധതി ഒരുക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിക്കുകയാണ് സർക്കാർ. ഈ സംരംഭക വർഷത്തിൽ ഒരുലക്ഷം സംരംഭമാണ് ലക്ഷ്യം. ഇതിനായി ശാസ്ത്രീയമായ കർമ്മപദ്ധതിയും വ്യക്തമായ കലണ്ടറും പ്രൊഫഷണലായ നിർവഹണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
വ്യവസായവകുപ്പ് ഒറ്റയ്‌ക്ക് ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയുന്ന ദൗത്യമായി ഇതിനെ കാണുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യവസായം, തദ്ദേശസ്വയംഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗ സംരക്ഷണം, ടൂറിസം, തൊഴിൽ, ധനവകുപ്പുകൾ ഏകോപിപ്പിച്ചാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം പ്രായോഗികതലത്തിൽ നേതൃത്വം കൊടുക്കുന്നു.
ഈ വകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഓരോ വകുപ്പും നിർവഹിക്കേണ്ട ചുമതലകളും ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പങ്കെടുത്ത് സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗവും സഹകരണമന്ത്രി പങ്കെടുത്ത് ബാങ്ക് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗവുംചേർന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോഗത്തിൽ ഈ പദ്ധതി വിശദീകരിക്കുന്നതിന് വ്യവസായമന്ത്രിയെന്ന നിലയിൽ പങ്കെടുത്തു. നിക്ഷേപവായ്പ അനുപാതം അഖിലേന്ത്യാ തലത്തിൽ 71 ശതമാനാണ്. കേരളത്തിൽ ഇത് കേവലം 62 ശതമാനം മാത്രമാണ്.
സംസ്ഥാന, കേന്ദ്ര പൊതുമേഖല സ്ഥാപനമേധാവികളുടെ യോഗവും ചേർന്നിരുന്നു. ഇന്ന് മറ്റു സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായങ്ങളെ ആശ്രയിക്കുന്ന മേഖലകൾ കണ്ടെത്തി അതിനു പകരമായി കേരളത്തിൽ തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഇവർ പിന്തുണയ്‌ക്കാമെന്നു തീരുമാനിച്ചു. ഗവേഷണ ഫലങ്ങൾ വാണിജ്യപരമായി ഉത്‌പാദിപ്പിക്കുന്നതിനുള്ള പിന്തുണ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തിൽ ഉറപ്പു നൽകുകയുണ്ടായി. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ നിശ്ചിത കാലയളവിൽ വേതന വർദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാകില്ലെന്ന് കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാക്കൾ സ്വമേധയാ പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ടായ്, സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധികളുടെ യോഗവും കേരള മാനേജ്‌മെന്റ് അസോസിയേഷൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും പേഴ്‌സനൽ മാനേജർമാരുടെയും സംഘടന പ്രതിനിധികളുടെയും യോഗവും സംരംഭക വർഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മലിനീകരണ നിയന്ത്രണബോർഡിന്റെ റെഡ് കാറ്റഗറിയിൽ പെടാത്തതും അമ്പതുകോടി രൂപ വരെയുള്ളതുമായ നിക്ഷേപങ്ങൾക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാനുള്ള നിയമം ഇപ്പോൾ നിലവിലുണ്ട്. ഏക ജാലക സംവിധാനം വഴി രജിസ്റ്റർ ചെയ്താൽ മൂന്നുവർഷം വരെ അക്‌നോളജ്‌മെന്റ് രസീത് വഴി പ്രവർത്തിക്കാം. ഇതു ലൈസൻസിനു തുല്യമായി ബാങ്കുകളും സർക്കാർ വകുപ്പുകളും അംഗീകരിച്ചിട്ടുണ്ട്.
വ്യവസായം ആരംഭിക്കുന്നതിനോ നടത്തിക്കൊണ്ടു പോകുന്നതിനോ ആവശ്യമായ സേവനങ്ങളെ സംബന്ധിച്ച പരാതി 30 ദിവസത്തിനകം പരിഹരിക്കാൻ പരാതിപരിഹാര കമ്മിറ്റി ജില്ലാ - സംസ്ഥാന തലങ്ങളിൽ നിയമ പിന്തുണയോടെ രൂപീകരിച്ചു. ഈ സമിതിയുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പിലാക്കിയില്ലെങ്കിൽ പിഴ ഈടാക്കാനും അച്ചടക്ക നടപടി ശുപാർശ ചെയ്യാനും സമിതിക്ക് അധികാരമുണ്ട്. പൂർണമായും ഓൺലൈനിലാക്കുന്ന സോഫ്റ്റ് വെയറും ഏപ്രിലിൽ പ്രാവർത്തികമാക്കും. വ്യവസായ ശാലകളിലെ പരിശോധനകളെല്ലാം സോഫ്‌ട് വെയർ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റി സുതാര്യമാക്കി. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ സർക്കാർ ഉത്തരവ് കാലോചിതമാക്കി പുതുക്കാനും നിശ്ചയിച്ചിട്ടുണ്ട്. കാലഹരണപ്പെട്ടതോ പ്രായോഗികമല്ലാത്തതോ ആയ വകുപ്പുകളും ചട്ടങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ കമ്മിഷൻ റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിച്ചു. ശുപാർശകളുടെ നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ സമിതിയും രൂപീകരിക്കുന്നുണ്ട്.
സംരംഭക വർഷത്തിലെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി വകുപ്പിനെയും പുതുക്കി പണിയുകയാണ്. താലൂക്ക് വ്യവസായ ഓഫീസുകളെല്ലാം ഫെസിലിറ്റേഷൻ കേന്ദ്രങ്ങളാക്കി മാറ്റി. 59 പേർ താലൂക്കുതല റിസോഴ്‌സ് ഓഫീസർമാരായി പ്രവർത്തിക്കും.
പഞ്ചായത്തുതല പ്രവർത്തനങ്ങൾക്കായി ബി.ടെക്, എം.ബി.എ ബിരുദധാരികളായ 1155 പേർ ഏപ്രിലിൽ ഇന്റേൺസായി ചുമതലയെടുക്കും. ഇവർക്കെല്ലാം വ്യക്തിഗത ടാർഗെറ്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് വ്യവസായ ഓഫീസുകൾക്കും ടാർഗെറ്റുകളുണ്ട്. ഏപ്രിലിൽ പഞ്ചായത്ത് തല ശിൽപ്പശാലകളും മെയ് മാസത്തിൽ വായ്പ / ലൈസൻസ് മേളകളും സംഘടിപ്പിക്കും.
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒരു ഉത്‌പന്നം എന്ന കാഴ്ചപ്പാടോടെ പട്ടിക തയ്യാറാക്കി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ഇത് ചർച്ച ചെയ്ത് അംഗീകരിക്കണം. ഒപ്പം മറ്റു സംരംഭങ്ങൾ തുടങ്ങുന്നതിനും തടസ്സമുണ്ടാകില്ല.
വ്യവസായങ്ങൾ നടത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും എം.എസ്.എം.ഇ ക്ലിനിക്കുകൾ ആരംഭിച്ചു. 168 വിദഗ്ദ്ധരുടെ സേവനം സാങ്കേതിക വിദ്യ, മാർക്കറ്റിംഗ്, മാനേജ്‌മെന്റ്, നിയമം തുടങ്ങിയ മേഖലകളിൽ സൗജന്യമായി ലഭ്യമാണ്.
ദീർഘകാലമായി വ്യവസായ സംഘടനകളാവശ്യപ്പെടുന്ന സ്ഥിരം പ്രദർശനവേദിയുടെ നിർമ്മാണം മേയ് മാസത്തിൽ കൊച്ചിയിൽ ആരംഭിക്കും. ഇതോടൊപ്പം ഉത്‌പന്നങ്ങളുടെ വിപണനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമും പൂർത്തിയായിവരുന്നു. നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണെന്ന പ്രഖ്യാപനം പ്രായോഗികമാക്കാൻ നാടാകെ ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. സംശയത്തിന്റെ മോഡിൽ നിന്ന് വിശ്വാസത്തിലേക്ക് മനോഭാവം മാറണം. ഉത്തരവാദിത്ത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ച് ഒരു ലക്ഷമെന്ന ലക്ഷ്യത്തെ നമുക്ക് ഒന്നിച്ച് മറികടക്കാം.