
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. മറ്റെന്നാൾ മുതൽ ഈ പ്രമേയത്തിന് മേലുള്ള ചർച്ച ആരംഭിക്കും. രണ്ട് പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രമേയം കൊണ്ടുവന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫിലെ ഏതാനും അംഗങ്ങളും ഇമ്രാന് എതിരായതോടെ സർക്കാർ നിലംപൊത്തും എന്നത് ഏകദേശം തീരുമാനമായിട്ടുണ്ട്. പ്രമേയം അവതരിപ്പിച്ച് ഏഴ് ദിവസത്തിനുള്ളിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് പാകിസ്ഥാനിലെ ചട്ടം. ഏപ്രിൽ നാലിനാണ് അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടക്കുക.
342 അംഗ ദേശീയ അസംബ്ലിയിൽ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ അവിശ്വാസ പ്രമേയം പാസാകും. 155 സീറ്റുകളാണ് ഇമ്രാന്റെ പാർട്ടിക്കുള്ളത്. രാഷ്ട്രീയ ഭാവി തുലാസിലായതോടെ സഖ്യകക്ഷികളിൽ നിന്ന് മതിയായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇമ്രാൻ ഖാൻ. എന്നാൽ ഇമ്രാന് ഇടിത്തീയായി പാർട്ടി അംഗമായ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദാർ ഇന്നലെ രാജി വച്ചു. പിന്നാലെ സഖ്യകക്ഷിയുടെ മന്ത്രിയായ താരിഖ് ബഷീർ ചീമയും രാജിവച്ചിരുന്നു.
ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി
പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ഇമ്രാൻ ഖാൻ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. കാരണം ഇപ്പോൾ ഇമ്രാൻ ഖാന് നേരിടേണ്ടി വരുന്നത് പ്രതിപക്ഷത്തിന്റെ ആക്രമണം മാത്രമല്ല. സ്വന്തം പാളയത്തിലെ പടപ്പുറപ്പാടും, അധികാര കസേരയിൽ ഇരുത്തിയ സൈന്യവും എതിരായതാണ് ഇമ്രാൻ ഇപ്പോൾ നേരിടുന്നത് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണെന്ന് പറയാൻ കാരണം.
കൂടെയുള്ളവർ പാലം വലിക്കുന്നതിനിടെയാണ് രണ്ട് ദിവസം മുൻപ് പ്രവർത്തകരെ വിളിച്ച് ചേർത്ത് ഇസ്ലാമാബാദിൽ ശക്തിപ്രകടനം നടത്താൻ ഇമ്രാൻ തീരുമാനിച്ചത്. ഉടൻ അടുത്ത തിരഞ്ഞെടുപ്പ് ഉണ്ടാവും എന്ന കണക്ക് കൂട്ടലാണ് ഇത്തരമൊരു ശക്തി പ്രകടനത്തിന് ഇമ്രാനെ പ്രേരിപ്പിച്ചത്. ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ പട്ടാളത്തിനുൾപ്പടെ പരോക്ഷമായ വിമർശനങ്ങൾ അദ്ദേഹം ഉയർത്തിയിരുന്നു.
ഇമ്രാൻ അന്നും ഇന്നും
2018ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴുളള ഇമ്രാനല്ല ഇപ്പോഴുള്ളത്. കടക്കെണിയിലായ രാജ്യത്തെ രക്ഷിക്കാനെത്തിയ ശക്തനെന്ന ചിത്രമായിരുന്നു ഇമ്രാനെ കുറിച്ച് ജനങ്ങൾക്കന്ന് ഉണ്ടായിരുന്നത്. എന്നാൽ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇമ്രാൻ അധികാരം പിടിച്ചതെന്നും ആരോപണമുണ്ടായിരുന്നു. പാകിസ്ഥാൻ പാർലമെന്റിലെ 342 സീറ്റുകളിൽ 155 സീറ്റുകളും കരസ്ഥമാക്കിയാണ് ഇമ്രാൻ അധികാരത്തിൽ കയറിയതത്. ആറ് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പെട്ട 24 എംപിമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.
എല്ലാ പ്രധാന വിഷയങ്ങളിലും സൈന്യം നേതൃത്വം നൽകുന്നതിൽ തുടക്കകാലത്ത് ഇമ്രാൻ ഖാൻ സന്തോഷവാനായിരുന്നെങ്കിലും പിന്നീട് സൈനിക നേതൃത്വവുമായി പ്രധാനമന്ത്രി തെറ്റി. ഇതിനൊപ്പം രാജ്യത്തെ സമ്പദ്‌വ്യവവസ്ഥ കൂടി പരിതാപകരമായതോടെ സർക്കാരിന്റെ ജനപ്രീതി കുറയാൻ തുടങ്ങി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതോടെ പണപ്പെരുപ്പം 12% മുകളിലെത്തി. രാജ്യങ്ങൾ തോറും സാമ്പത്തിക സഹായം തേടി ഭിക്ഷ ചോദിച്ച് ചെല്ലുന്ന കഥാപാത്രമായി ഇമ്രാനെ പ്രതിപക്ഷം ഉയർത്തിക്കാട്ടി.
ഇമ്രാൻ ഖാന് അധികാരം നഷ്ടമായാൽ അതിന്റെ പ്രധാന കാരണം കരസേന മേധാവിയുമായി ഇടഞ്ഞതാണെന്നത് വ്യക്തമാണ്. കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയെ എതിർത്തതോടെയാണ് ഇമ്രാന്റെ കഷ്ടകാലം ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം, ജനറൽ ബജ്വ തന്റെ കീഴിലുള്ള ഉന്നത ജനറൽമാരെ സ്ഥലം മാറ്റാൻ തീരുമാനിച്ചു. എന്നാൽ ഇതിനൊപ്പം അന്നത്തെ ഐഎസ്‌ഐ തലവൻ ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ മാറ്റാൻ ഇമ്രാൻ ഖാൻ തയ്യാറായില്ല. ജനറൽ ഹമീദ് ഒരുകാലത്ത് കരസേനാ മേധാവി ജനറൽ ബജ്വയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെങ്കിലും പിന്നീട് ഇവർ തമ്മിൽ അകൽച്ചയിലാവുകയായിരുന്നു. പുതിയ ഐഎസ്‌ഐ മേധാവി ലെഫ്റ്റനന്റ് ജനറൽ നദീം അൻജൂമിന്റെ നിയമനത്തിൽ ഒപ്പുവെക്കാൻ മൂന്നാഴ്ചയോളം ഇമ്രാൻ ഖാൻ വിസമ്മതിച്ചു. ഇതോടെയാണ് സർക്കാരും സൈന്യവും തമ്മിൽ തെറ്റിയത്.
ഇമ്രാൻ ഖാന്റെ പതനം ഇന്ത്യയ്ക്ക് നേട്ടമോ കോട്ടമോ എന്നത് ഇനിയും തീർപ്പാക്കാനാവാത്ത വിഷയമാണ്. കാരണം ഇമ്രാൻ അധികാരത്തിലിരുന്നപ്പോൾ ഇന്ത്യയ്ക്ക് കാര്യമായ ഭീഷണി ഉയർത്തിയിരുന്നില്ല. അബദ്ധത്തിലെന്ന വിശേഷണമുണ്ടെങ്കിലും ഇന്ത്യൻ മിസൈൽ അതിർത്തി കടന്നിട്ടും കാര്യമായി ഒന്നും ചെയ്യാൻ ഇമ്രാൻ ഖാന് കഴിഞ്ഞില്ല. എന്നാൽ പാക് സൈന്യത്തിലുണ്ടാവുന്ന വിള്ളലാണ് ഇന്ത്യയെ സംബന്ധിച്ച് ഇപ്പോൾ പാകിസ്ഥാനിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ നേട്ടമാവുന്നത്. ഇമ്രാന് പ്രധാനമന്ത്രി കസേര നഷ്ടമായി അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഉണ്ടായാൽ മുൻ ഐഎസ്‌ഐ തലവൻ ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദ് ഇമ്രാന് വേണ്ടി പ്രവർത്തിക്കും എന്ന് ഉറപ്പാണ്. വിശ്വാസ വോട്ടെടുപ്പിലൂടെ പാകിസ്ഥാനിലെ ഒരു സിവിലിയൻ സർക്കാരും ഇതുവരെ നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന ഉറപ്പാണ് ഇമ്രാനെ ഇപ്പോൾ അവിശ്വാസ പ്രമേയം നേരിടാൻ പ്രേരിപ്പിക്കുന്ന ഘടകം. അടുത്തതായി എന്ത് സംഭവിച്ചാലും പാകിസ്ഥാനെ അത് അരാജകത്വത്തിന്റെയും അസ്ഥിരതയുടെയും ഇരുണ്ട കാലത്തേയ്ക്ക് തള്ളിയിടും എന്ന് ഉറപ്പാണ്.