
മുംബൈ: നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ജസ്‌പ്രീത് ബുമ്ര. ഈ വലംകെെയൻ പേസർ ആദ്യമായി ലോകശ്രദ്ധ നേടിയത് ഐപിഎല്ലിലെ പ്രകടനത്തിലൂടെയാണ്. മുംബെെ ഇന്ത്യൻസ് താരമായ ബുമ്രയെക്കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കൊഹ്‌ലിയുടെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ആഭ്യന്തര സീസണില്‍ ഗുജറാത്തിനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിന് കീഴില്‍ കളിച്ച ബുമ്ര, മുംബൈ ഇന്ത്യന്‍സിൽ എത്തിയതോടെയാണ് മികച്ച ബൗളറായി മാറിയത്. ഐപിഎല്ലിൽ 2015 സീസണില്‍ നടത്തിയ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. എന്നാല്‍ 2015ന് മുമ്പ് തന്നെ ബുമ്രയെക്കുറിച്ച് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കൊഹ്‌ലിയോട് താൻ സംസാരിച്ചിരുന്നുവെന്ന് പാര്‍ത്ഥിവ് പട്ടേൽ പറയുന്നു.
ബുമ്രയെന്ന് പേരുള്ള ഒരു ബൗളറുണ്ടെന്നും ഒരവസരം നല്‍കാനാവുന്നതാണെന്നും താൻ കൊഹ്ലിയോട് പറഞ്ഞുവെന്ന് പാർത്ഥിവ് വ്യക്തമാക്കി. എന്നാൽ കൊഹ്ലി ഇക്കാര്യം പരിഹസിച്ച് തള്ളിയെന്ന് പട്ടേൽ പറഞ്ഞു. ബുമ്ര- വുംറയൊക്കെ എന്തു കാണിക്കാനാണെന്ന് കൊഹ്ലി ചോദിച്ചുവെന്ന് പട്ടേൽ പറഞ്ഞു. 2014 ഐപിഎല്‍ സീസണില്‍ പാർത്ഥിവും കൊഹ്‌ലിയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഒരുമിച്ചുണ്ടായിരുന്നു.
തുടക്കകാലത്ത് ബുമ്ര നന്നായി ബുദ്ധിമുട്ടി. എന്നാല്‍ കഠിനാധ്വാനത്തിലൂടെ എല്ലാ പ്രതിസന്ധികളും അവൻ മറികടന്നു. മുംബൈ ഇന്ത്യന്‍സ് നല്‍കിയ പിന്തുണയാണ് ബുമ്രയ്ക്ക് തുണയായതെന്നും പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു. ബുമ്രയുടെ ആദ്യ ഐപിഎൽ വിക്കറ്റ് വിരാട് കൊഹ്‌ലിയുടെതാണ്. തന്റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു ബുമ്രയുടെ ഈ നേട്ടം.