
ഇടുക്കി: മൂന്നാറിൽ സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ദേവികുളം എം എൽ എ, എ രാജയ്ക്ക് പൊലീസിന്റെ മർദനമേറ്റ സംഭവത്തിൽ പൊലീസുകാർ മദ്യപിച്ചിരുന്നുവെന്ന് ആരോപണം. എ രാജയാണ് ആരോപണം ഉന്നയിച്ചത്. കട്ടപ്പനയിൽ വച്ചാണ് എം എൽ എയ്ക്ക് മർദനമേറ്റത്.
ഏകപക്ഷീയമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. എസ് ഐ അടക്കമുള്ള പൊലീസുകാർ മദ്യപിച്ചിരുന്നതായും എ രാജ ആരോപിച്ചു. മർദനമേറ്റതിന് പിന്നാലെ മർദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം രംഗത്തെത്തിയിരുന്നു.
മൂന്നാറിൽ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. ഇതിനിടെ ഇതുവഴി വന്ന വാഹനങ്ങളെ സമരാനുകൂലികളായ പ്രവർത്തകർ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെടുകയും സംഘർഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ എം എൽ എ ശ്രമിക്കുന്നതിനിടെയാണ് മർദനമേറ്റത്. സംഘർഷത്തിൽ ചെവിക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്.
സമരത്തിൽ സംസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘർഷമുണ്ടായി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അർദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.