building-

ഗ്വാളിയോർ : മദ്ധ്യപ്രദേശിലെ ഒരു പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നു എന്ന രഹസ്യ വിവരത്തിൽ റെയിഡ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അദ്ധ്യാപകന്റെ വീടുകളിൽ റെയ്ഡ് നടത്തിയത്. മാസം കേവലം 10400 ശമ്പളം കൈപ്പറ്റുന്ന മഹാരാജ്പുരയിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ പ്രശാന്ത് പർമറിന്റെ ആസ്തി കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയിരിക്കുകയാണ്. ഇയാൾക്ക് നാല് കോളേജുകളും, നാല് ആഢംബര വീടുകളും ഉണ്ടെന്ന് റെയ്ഡിൽ കണ്ടെത്തി.

പ്രശാന്ത് പർമർ 2006 മുതലാണ് സ്‌കൂളിൽ ജോലിക്ക് ചേർന്നത്. എന്നാൽ കുറഞ്ഞ ശമ്പളത്തിൽ ജോലി നോക്കുന്ന ഇയാൾക്ക് ഗ്വാളിയോർ നഗരത്തിൽ കോടിക്കണക്കിന് മൂല്യമുള്ള വസ്തുക്കൾ എങ്ങനെ സ്വന്തമാക്കാനായി എന്ന് കണ്ടെത്താനായിട്ടില്ല. കാർഷിക കുടുംബത്തിലെ അംഗമായ ഇയാൾക്ക് പരമ്പരാഗതമായി കിട്ടിയ സ്വത്തല്ല ഇതെന്നതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. ഗ്വാളിയോറിൽ അദ്ധ്യാപകന്റെ പേരിൽ രണ്ട് കല്യാണ മണ്ഡപങ്ങളും, ഒരു വാണിജ്യ സമുച്ചയവും, സ്‌കൂളും സ്വന്തമായി ഉണ്ട്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളും സ്‌കൂളുകളുടെ ഉടമകളാണ്.

പരിശോധന നടത്തിയ ഒരു വീട്ടിൽ നിന്നും 36 ലക്ഷം രൂപയുടെ ആഭരണങ്ങളും 7.5 ലക്ഷം രൂപയും കണ്ടെടുത്തു. പ്രശാന്ത് പർമറിന്റെ ഉടമസ്ഥതയിലുള്ള കോളേജുകൾക്ക് സർക്കാർ അംഗീകാരമുണ്ടോയെന്നും, എന്ത് അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉദ്ദേശം 2.13 കോടി രൂപയുടെ സ്വത്ത് ഇയാളുടെ ഉടമസ്ഥതയിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.