cfgtfhg

ആദ്യമായി രാജ്ഭവനുകളിൽ ലൈവ് സ്ട്രീമിംഗ്

ഏതാനും വിദ്യാർത്ഥികളെ രാജ്ഭവനിലേക്ക് ക്ഷണിക്കും

 30 രാജ്യങ്ങളിൽ കാണാം

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ച ( PPC 2022 ) പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകമാകെയുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമായി ഏപ്രിൽ ഒന്നിനു സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.ന്യൂഡൽഹിയിലെ തല്‌ക്കത്തോറ സ്റ്റേഡിയത്തിൽ ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്കാണ് പരിപാടി.

വിവിധ പരീക്ഷകളെ മാനസിക സമ്മർദ്ദം ഇല്ലാതെ നേരിടാൻ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാനുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയാണ് 2018ൽ ആരംഭിച്ച പരീക്ഷാ പേ ചർച്ച. പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും.
പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനുള്ളവരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് യു. പി,​ ഹരിയാന,​ ഡൽഹി എന്നിവിടങ്ങളിലെ ആയിരം വിദ്യാർത്ഥികളെയാണ് സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അമേരിക്ക,​ യു.എ. ഇ തുടങ്ങി ഇന്ത്യൻ സമൂഹം കൂടുതലുള്ള മുപ്പത് രാജ്യങ്ങളിൽ പരിപാടി സംപ്രേക്ഷണം ചെയ്യും.

ഇത്തവണ പരീക്ഷാ പേ ചർച്ച എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകളിൽ ലൈവായി സ്‌ട്രീം ചെയ്യുന്നുണ്ട്. പന്ത്രണ്ട് ലക്ഷത്തിലേറെ വിദ്യാർത്ഥികളും മൂന്ന് ലക്ഷത്തോളം അദ്ധ്യാപകരുമാണ് ഈ പരിപാടിയിൽ പങ്കെടുക്കാനായി ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മത്സരങ്ങളിലൂടെ പരീക്ഷാ പേ ചർച്ചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദന പത്രവും പ്രധാനമന്ത്രിയുടെ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകം അടങ്ങുന്ന പരീക്ഷാ പേ ചർച്ച കിറ്റും സമ്മാനിക്കും. പരിപാടി ദൂരദർശൻ സംപ്രേക്ഷണം ചെയ്യും.