lake-of-no-return

ഇന്ത്യ- മ്യാൻമർ അതിർത്തിയിലെ പാങ്‌‌സൗ ഗ്രാമത്തിലെ ഒരു തടാകം. കൃത്യമായി പറഞ്ഞാൽ അരുണാചൽ പ്രദേശിലെ ചാങ് ലാങ് ജില്ലയിൽ നോങ് ലാങ് എന്ന് പേരുള്ള തടാകം. എന്നാൽ ഈ തടാകം കുപ്രസിദ്ധി നേടിയിരിക്കുന്നത് മറ്റൊരു പേരിലാണ്. 'ലേക് ഒഫ് നോ റിട്ടേൺ എന്നാണ് അമേരിക്കക്കാർ ഇതിന് പേര് നൽകിയത്. ഇതിനൊരു കാരണവുമുണ്ട്.

1942ൽ ഒരു ബ്രിട്ടീഷ് സംഘത്തെ തടാകത്തിന് സമീപത്തുവച്ച് കാണാതായി. തടാകത്തിൽ എന്തെങ്കിലും നിഗൂഡതയുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പിന്നാലെ അമേരിക്കൻ സൈനികർ തടാകത്തിന് സമീപമെത്തി. എന്നാൽ വലിയൊരു ദുരന്തമാണ് അവരെ കാത്തിരുന്നത്. നോങ് ലാങ് തടാകത്തിലെത്തിയ എല്ലാ പട്ടാളക്കാരും മുങ്ങി മരിച്ചു.

നോങ് ലാങിന്റെ നിഗൂഡതകൾ പുറത്തുവരുന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്താണ്. അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം തടാകത്തിന് സമീപത്തായി തകർന്നു വീണു. എന്നാൽ ഏവരെയും ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികന്റെയും മൃതദേഹം കണ്ടെത്താനായില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം യുദ്ധത്തിന് നിയോഗിക്കപ്പെട്ട ജാപ്പനീസ് സൈനികരും വഴിതെറ്റി തടാകത്തിനരികിലെത്തി. അവരെയും കാത്തിരുന്നത് മരണമായിരുന്നു. മലേറിയ രോഗം ബാധിച്ച് എല്ലാ സൈനികരും മരിച്ചു.

1.4 കിലോമീറ്റർ നീളവും മുക്കാൽ കിലോമീറ്റർ വീതിയുമാണ് തടാകത്തിനുള്ളത്. ചതുപ്പ് നിലവും മണൽക്കൂനയുമാണ് തീരഭൂമി നിറയെ. മനോഹരമായ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ പ്രദേശമാണെങ്കിലും പ്രേതത്തെ പേടിച്ച് ആരും ആ വഴി പോകാറില്ല. പാശ്ചാത്യ മാദ്ധ്യമങ്ങൾ നോങ് യാങ് തടാകത്തെ ഇന്ത്യൻ ബർമുഡ ട്രയാംഗിൾ എന്നാണ് വിശേഷിപ്പിക്കുന്നത്.