saji-cheriyan

ആലപ്പുഴ: സിൽവർലൈനിനെതിരെ കടുത്ത പ്രതിഷേധം നടക്കുന്ന ചെങ്ങന്നൂരിൽ നേരിട്ടെത്തി മന്ത്രി സജി ചെറിയാൻ. ഇരുചക്രവാഹനത്തിലാണ് മന്ത്രി എത്തിയത്. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂരിലെ 20 വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. ഇന്ന് സന്ദര്‍ശിച്ച വീടുകളിലെയെല്ലാം താമസക്കാരുടെ തെറ്റിദ്ധാരണ മാറ്റാനായെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കുഴുവല്ലൂരില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെടുത്ത സർവേക്കല്ല് മന്ത്രിയുടെ സാന്നിധ്യത്തില്‍ പുനഃസ്ഥാപിച്ചു. മന്ത്രി നേരിട്ടെത്തി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് കല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്.

അതേസമയം പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രിയെ കാണാന്‍ സാധിച്ചില്ലെന്നും പ്രദേശത്തെ ചില വീട്ടമ്മമാര്‍ പറഞ്ഞു. എന്നാൽ സ്ഥലം വാങ്ങി വീട് വച്ചുതന്നാല്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.