
കൊൽക്കത്ത: ബിർഭൂം സംഘർഷത്തെത്തുടർന്ന് പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. ഏകീകൃതവും തത്വാധിഷ്ഠിതവുമായ പ്രതിപക്ഷത്തിനായി ബിജെപി ഇതര നേതാക്കളെല്ലാം ഒരുമിച്ച് അണിചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മമത കത്തെഴുതിയത്.
കേന്ദ്ര സർക്കാരിനെതിരെ ഏകീകൃതവും തത്വാധിഷ്ഠിതവുമായ ഒരു പ്രതിപക്ഷമാവാൻ നമുക്ക് ഒരുമിച്ച് പോരാടാം. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നു. സർക്കാരിനെതിരായ വിയോജിപ്പുകളെ അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. ജനങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തുന്ന ബിജെപി ഭരണത്തിനെതിരെ പോരാടാൻ രാജ്യത്തെ പുരോഗമന ശക്തികൾ ഒന്നിക്കണമെന്നും മമത കത്തിലൂടെ അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ വ്യവസ്ഥാപിത ജനാധിപത്യത്തിന് നേരെയുള്ള ബിജെപി ആക്രമണങ്ങളിലെ തന്റെ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് താൻ ഈ കത്തെഴുതുന്നതെന്ന് മമത പറഞ്ഞു. കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചു നിൽക്കണം. ബിജെപിയെ എങ്ങനെ ഒറ്റക്കെട്ടായി നേരിടാം എന്ന് ചർച്ച ചെയ്യാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും യോഗം ചേരണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ നേതാക്കൾക്കും അനുയോജ്യമായ ഒരു സ്ഥലത്ത് വച്ച് ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മാർച്ച് 21 ന് രാംപൂർഹട്ടിനടുത്തുള്ള ബോഗ്തയു ഗ്രാമത്തിൽ അജ്ഞാതർ 10 വീടുകൾക്ക് നേരെ പെട്രോൾ ബോംബ് അക്രമണം നടത്തുകയും എട്ടു പേരെ ചുട്ടു കൊല്ലുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് രാംപുർഹത് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ശൈഖ് ഉൾപ്പടെ 22 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.