
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം ദിലീപ് വീട്ടിലിരുന്നു ഫോണിൽ കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പല ചോദ്യങ്ങൾക്കും ദിലീപ് കൃത്യമായ ഉത്തരം നൽകുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ഇന്ന് രാവിലെ 10.30 മുതൽ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇത്തരത്തിലൊരു ദൃശ്യം തന്റെ പക്കൽ ഇല്ലെന്നും അതിനെ കുറിച്ച് അറിയില്ലെന്നുമാണ് ദിലീപ് ഇപ്പോഴും ആവർത്തിക്കുന്നത്. ഏഴു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞ ദിവസം ദിലീപിനെ വിട്ടയച്ചത്.
പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ദിലീപിൽ നിന്ന് ചില നിർണായക വിവരങ്ങൾ ശേഖരിക്കാനായെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതുവരെ ശേഖരിച്ച മൊഴികളും ഫോറൻസിക് വിവരങ്ങളും കോർത്തിണക്കിയായിരുന്നു ചോദ്യങ്ങൾ. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു.
അതേസമയം, വധഗൂഡാലോചനക്കേസിലെ ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരതിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം.