
മിന്നൽ മുരളിയെ കെട്ടിച്ചതിന് പിന്നാലെ യക്ഷിയായ നീലിയെയും തന്ത്രികുമാരനെയും കല്യാണം കഴിപ്പിച്ച് ഫോട്ടാഗ്രാഫറായ ആത്രേയ ജിബിൻ. വെറൈറ്റിയായ സേവ് ദി ഡേറ്റ് വീഡിയോകളുടെയും ഫോട്ടോകളുടെയും ഉസ്താദാണ് ജിബിൻ. ജിബിന്റെ 'ഫോട്ടോഗ്രഫി ആത്രേയ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോൾ താരം.
ഒരു മുത്തശ്ശി തന്റെ ചെറുമകൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇളവന്നൂർ മഠത്തിലേക്ക് യാത്ര പോകുന്ന ഒരു തന്ത്രി കുമാരൻ വഴിമദ്ധ്യേ ഒരു സുന്ദരിയെ കാണുന്നു. ആ സുന്ദരി നീലിയെന്ന പ്രേതമായിരുന്നു. ഒടുവിൽ തന്ത്രികുമാരനും നീലിയും വിവാഹിതരാകുന്നതാണ് വീഡിയോയുടെ പ്രമേയം.
വ്യത്യസ്ത രീതിയിലെ സേവ് ദി ഡേറ്റ് വീഡിയോ ഇതിനോടകം ഏറെ വൈറലായിക്കഴിഞ്ഞു. അഖിൽ ആനന്ദ് അർച്ചന എന്നിവരുടെ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോയാണ് തരംഗം തീർക്കുന്നത്. രാവ് എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഒരു മുത്തശ്ശി കഥപോലൊരു കല്യാണ വിളി എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഇതിന് മുൻപ് ആത്രേയ ഫോട്ടോഗ്രഫിയുടെ മിന്നൽ മുരളി തീമിലെ സേവ് ദി ഡേറ്റ് വീഡിയോ ബോളിവുഡിൽ വരെ ചർച്ചയായിരുന്നു. "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വിവാഹക്ഷണക്കത്ത് ഇതാണ്". ഈ അടിക്കുറിപ്പോടുകൂടി ബോളിവുഡ് താരം സുനിൽ ഗ്രോവർ മിന്നൽ മുരളിയുടെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവച്ചിരുന്നു.
അടുത്ത കാലത്തായി സൂപ്പർ ഹിറ്റായ ഒരു സംഗതിയാണ് സേവ് ദി ഡേറ്റ്. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലാം വൻ തരംഗമാകുകയും ചെയ്തിട്ടുണ്ട്. സേവ് ദി ഡേറ്റിനായി ആരും ഇതുവരെ പരീക്ഷിക്കാത്ത വ്യത്യസ്ത ഐഡികൾക്കായുള്ള നെട്ടോട്ടത്തിലാണ് വധൂവരൻമാരും ഫോട്ടോഗ്രാഫേഴ്സും ഇപ്പോൾ. ഏതുവിധേനെയും സംഗതി വൈറലാകണമെന്നാണ് ഇവരുടെ മോഹം.