dfdf

കൊൽക്കത്ത: പശ്ചിമബംഗാളിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന തൃണമൂൽ കോൺഗ്രസ് എം.എൽ.എയുടെ വീഡിയോ പുറത്ത്. വരാനിരിക്കുന്ന അസനോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരായി വോട്ട് ചെയ്യുന്നവർക്ക് നല്ല അനുഭവമായിരിക്കില്ല വരാൻ പോകുന്നതെന്ന് അസനോൾ മണ്ഡലത്തിലെ എം.എൽ.എ ആയ നരേൻ ചക്രബർത്തി പറയുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരോട് എം.എൽ.എ ഇത്തരത്തിൽ സംസാരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്താൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.

സ്വാധീനിക്കാൻ കഴിയാത്ത കടുത്ത ബി.ജെ.പി അനുഭാവികളെ ഭീഷണിപ്പെടുത്തണം. നിങ്ങൾ വോട്ട് ചെയ്യാൻ പോയാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഞങ്ങൾ കരുതുമെന്ന് അവരോട് പറയണം. വോട്ടിംഗിന് ശേഷം നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നത് നിങ്ങളുടെ ഉത്തവാദിത്വമായിരിക്കുമെന്നും അവരോട് പറയുക. വോട്ട് ചെയ്യാൻ പോകാതിരുന്നാൽ അവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.- നരേൻ ചക്രബർത്തി പറയുന്നു. അതേ സമയം സംഭവത്തിൽ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നരേൻ ചക്രബർത്തിയെപ്പോലുള്ള ക്രിമിനലുകളെ അഴിക്കുള്ളിൽ ആക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. എന്നാൽ ബംഗാളിൽ ഇത്തരക്കാരെ മമതാ ബാനർജി സംരക്ഷിക്കുകയാണെന്ന് മാളവ്യ കുറ്റപ്പെടുത്തി. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേന്ദ്രമന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ എ.പി സ്ഥാനം രാജി വച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയാണ് അസനോൾ സീറ്റ് ഒഴിവുവന്നത്. ഏപ്രിൽ 12ന് ആണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.