will-smith

ലോസ്ആഞ്ചലസ് : ഭാര്യ ജെയ്ഡയെ പരിഹസിച്ചതിന്റെ പേരിൽ ഓസ്കാർ വേദിയിൽ വച്ച് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ, ക്രിസ് റോക്കിനോട് പരസ്യമായി ക്ഷമ ചോദിക്കുന്നതായി നടൻ വിൽ സ്മിത്ത്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് സ്മിത്തിന്റെ ക്ഷമാപണം. ഭാര്യയെ പരിഹസിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ചതാണെന്നും തന്റെ പ്രവർത്തി അംഗീകരിക്കാനാവാത്തതും നീതീകരിക്കാനാകാത്തതും ആണെന്ന് സ്മിത്ത് വ്യക്തമാക്കി. ' ആക്രമണം അതിന്റെ എല്ലാ രൂപത്തിലും വിഷവും വിനാശകരവുമാണ്. അക്കാഡമി അവാർഡിലെ തന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തതുമായിരുന്നു. തമാശകൾ ജോലിയുടെ ഭാഗമാണ്. പക്ഷേ, ജെയ്ഡയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പരിധിയ്ക്ക് അപ്പുറമായിരുന്നു. എനിക്ക് തെറ്റ് പറ്റി. ഞാൻ ലജ്ജിക്കുന്നു. സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. " - വിൽ സ്മിത്ത് വ്യക്തമാക്കി. അകാരണമായി തലമുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന രോഗം നേരിടുന്ന ജെയ്ഡയുടെ രൂപത്തെ പരിഹസിച്ചതിന് പിന്നാലെയാണ് ഓസ്കാർ വേദിയിൽ വച്ച് ക്രിസിനെ വിൽ സ്മിത്ത് സ്റ്റേജിൽ കയറി അടിച്ചത്. മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച ശേഷം വിൽ സ്മിത്ത് വികാരഭരിതനായി വേദിയിലുണ്ടായിരുന്നവരോട് ക്ഷമാപണം നടത്തിയിരുന്നെങ്കിലും ക്രിസിനെ പരാമർശിച്ചിരുന്നില്ല.