
തിരുവനന്തപുരം: പണിമുടക്ക് ദിനത്തിൽ സർവീസ് നടത്തിയ കെഎസ്ആർടിസി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കും കണ്ടക്‌ടർക്കും മർദ്ദനമേറ്റു. സംഭവം ആസൂത്രിതമാണെന്നും പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദനം നടന്നതെന്നുമാണ് ജീവനക്കാരുടെ ആരോപണം.
ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികൾക്ക് വാട്സാപ്പ് വഴി നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബസ് പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികൾ തടഞ്ഞത്.
തുടർന്ന് യാത്രക്കാരെ ഇറക്കി വിട്ട ശേഷം ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തതായിട്ടാണ് ജീവനക്കാരുടെ പരാതി. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസാണ് വഴിയിൽ തടഞ്ഞു നിറുത്തിയത്. കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.