
കൊച്ചി: ജി.സി.സിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യപരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ തമിഴ്‌നാട്ടിൽ 500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ആസ്റ്ററും തമിഴ്‌നാട് സർക്കാരും ഒപ്പുവച്ചു. ദുബായ് സന്ദർശനത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സംസ്ഥാനത്ത് ആശുപത്രികൾ, ഫാർമസികൾ, ലാബുകൾ എന്നിവ ആരംഭിക്കാനാണ് നിക്ഷേപം നടത്തുക. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ന്യായമായ നിരക്കിൽ ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കാനും 3500-ലധികം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. ആസ്റ്ററിന്റെ ഈ ഉദ്യമത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ എല്ലാവിധ പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ട്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ആസ്റ്ററിന്റെ സേവനം വ്യാപിപ്പിക്കാൻ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.