bennett

ടെൽ അവീവ് : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഏപ്രിൽ 3 മുതൽ ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബെന്നറ്റ് കൊവിഡ് പോസിറ്റീവ് ആയ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ബെന്നറ്റ് ഡൽഹിയിലെത്തുമെന്ന് അറിയിച്ചത്. ഇന്ത്യ - ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ മുപ്പതാം വാർഷികം ഈ വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ ഇന്ത്യാ സന്ദർശനത്തിന് ബെന്നറ്റ് തയാറെടുത്തത്. 50കാരനായ ബെന്നറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.