roman

ഇസ്താംബുൾ: ഇന്നലെ ഇസ്താംബുളിൽ നടന്ന റഷ്യ - യുക്രെയിൻ സമാധാന ചർച്ചകളിൽ പങ്കെടുത്ത് റഷ്യൻ ശതകോടീശ്വരനും ചെൽസി ഫുട്ബോൾ ക്ലബ് ഉടമയുമായ റോമൻ എബ്രമോവിച്. ഈ മാസം ആദ്യം ഇദ്ദേഹത്തിന് വിഷബാധയേറ്റെന്ന് റിപ്പോർട്ടുകൾ മണിക്കൂറുകൾക്ക് മുന്നേ പുറത്തുവന്നതിന് പിന്നാലെയാണ് മധ്യസ്ഥ ചർച്ചകളിൽ എബ്രമോവിച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തുർക്കി പ്രസിഡന്റ് തയ്യിപ് എർഡോഗനും വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കവുസോ‌ഗ്‌ലുവുമായി ചർച്ചകൾ നടത്തി.

ചർച്ചകളിൽ എബ്രമോവിചിന്റെ പങ്കിന്റെ സ്വഭാവം വ്യക്തമല്ല. ചർച്ചകളിൽ എബ്രമോവിച് നിഷ്പക്ഷ കക്ഷിയായി നിലകൊള്ളുന്നതായി യുക്രെയിനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം, എബ്രമോവിച് റഷ്യൻ പ്രതിനിധി സംഘത്തിലെ ഔദ്യോഗിക പ്രതിനിധി അല്ലെന്നും എന്നാൽ രണ്ട് കൂട്ടർക്കുമിടയിൽ ചർച്ചകൾ നടത്താൻ പ്രവർത്തിക്കുന്നതായും ക്രെംലിൻ സൂചിപ്പിച്ചു.

മാർച്ച് 3ന് കീവിൽ നടന്ന യുക്രെയിൻ - റഷ്യ സമാധാന ചർച്ചകൾക്കിടെയാണ് റോമൻ എബ്രമോവിച്ചിനും ചർച്ചകൾക്ക് നേതൃത്വം നൽകിയ യുക്രെയിന്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായതായി വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

എബ്രമോവിച്ചിന് നേരെ രാസായുധ പ്രയോഗമായിരിക്കാം നടന്നതെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി 10 മണിവരെ ചർച്ചയിൽ പങ്കെടുത്ത ശേഷം കീവിലെ ഹോട്ടൽ മുറിയിലേക്ക് മടങ്ങിയ മൂവരും രാവിലെ ഉറക്കമുണർന്നപ്പോഴാണ് അസ്വസ്തതകൾ പ്രകടിപ്പിച്ചത്. കണ്ണുകളിൽ ചുവപ്പ് നിറവും കടുത്ത വേദനയും അനുഭവപ്പെട്ടു.

മുഖത്തെയും കൈകളിലെയും തൊലിയിളകിയെന്നും പറയപ്പെടുന്നു. എന്നാൽ ഇവർക്ക് ആർക്കും തന്നെ നില ഗുരുതരമായില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേ സമയം, റിപ്പോർട്ടുകളിൽ വാസ്തവം ഇല്ലെന്ന് യുക്രെയിനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷബാധയേറ്റെങ്കിൽ റഷ്യ തന്നെയാകും അതിന് പിന്നിൽ എന്നാണ് മറ്റു ചിലർ ആരോപിക്കുന്നത്.

ക്രെംലിനെ എതിർത്തവർക്ക് നേരെ മുമ്പ് വിഷ ഏജന്റുകളുടെ ആക്രമണം നടന്നിട്ടുണ്ട് എന്നതാണ് ഇതിന് കാരണം. പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണമാണ്. ചർച്ചകളിൽ എബ്രമോവിച് യുക്രെയിനെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റിപ്പോർട്ട് തികച്ചും അസത്യമാമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പ്രതികരിച്ചു. അധിനിവേശം ആരംഭിച്ചതിന് പിന്നാലെ പുട്ടിന്റെ അടുത്തയാളായ എബ്രമോവിച്ചിന് നേരെ പാശ്ചാത്യ രാജ്യങ്ങൾ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

 നിലനിൽപ്പിന് ഭീഷണിയായാൽ മാത്രം ആണവായുധം

യുക്രെയിനിൽ റഷ്യ ആണവ, ജൈവ, രാസായുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം തള്ളി റഷ്യ. യുക്രെയിനിലെ റഷ്യയുടെ സൈനിക നടപടി ആണവായുധം പ്രയോഗിക്കാനുള്ള കാരണമല്ലെന്നും നിലനിൽപ്പിന് ഭീഷണിയാകുന്ന ഘട്ടത്തിൽ മാത്രമേ അവ പ്രയോഗിക്കൂ എന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു.

അതേസമയം, മൈക്കൊലൈവിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടി രാജ്യങ്ങളിൽ നിന്നുള്ള പത്ത് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. ഈ രാജ്യങ്ങൾ ഈ മാസം ആദ്യം റഷ്യയുടെ പത്ത് നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.

ലുഹാൻസ്കിലും ഡൊണെസ്കിലും റഷ്യൻ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകിയെന്ന് യുക്രെയിൻ സൈന്യം പറഞ്ഞു. മരിയുപോളിൽ ഇതുവരെ 5,000 പേരെങ്കിലും മരണപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. യുക്രെയിൻ അധിനിവേശത്തിൽ ഇടപെടരുതെന്ന് പോളണ്ടിന് റഷ്യ മുന്നറിയിപ്പ് നൽകി. കീവിന് സമീപം ഇർപിൻ നഗരത്തിന്റെ നിയന്ത്രണം യുക്രെയിൻ തിരിച്ചുപിടിച്ചെന്ന് സെലെൻസ്കി അറിയിച്ചു. റഷ്യയിലേക്ക് ആഡംബര വസ്തുക്കളുടെ കയറ്റുമതി ഏപ്രിൽ 5 മുതൽ നിരോധിക്കുമെന്ന് ജപ്പാൻ അറിയിച്ചു.

 റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

മോസ്കോ : യുക്രെയിൻ - റഷ്യ സംഘർഷം തുടരുന്നതിനിടെ ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌‌റോവ്. റഷ്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയിൻ വിഷയം തന്നെയാകും കൂടിക്കാഴ്ചയിൽ മുഖ്യ വിഷയമാവുക. മാർച്ച് 31ന് ലവ്‌‌റോവ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 1ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി കൂടിക്കാഴ്ച നടത്തും. മാർച്ച് 31ന് തന്നെ യു.കെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.