
ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളിൽ മലയാളി വിദ്യാർത്ഥിനിയെ ഇന്ത്യാക്കാരൻ കുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുപതിരണ്ടുകാരിയായ മലയാളി വിദ്യാർത്ഥി സോന ബിജുവിനെ 23കാരനായ ശ്രീരാം അംബർള എന്ന ഇന്ത്യൻ യുവാവാണ് കുത്തിയത്. ഇരുവരും ലണ്ടനിൽ വിദ്യാർത്ഥികളാണ്. സോന പാർട് ടൈം ആയി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ചാണ് ശ്രീരാം സോനയെ കുത്തുന്നത്. സോനയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പ്രതിയെ അപ്പോൾ തന്നെ പിടികൂടിയെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് ലണ്ടൻ പൊലീസ്. ഇയാൾക്ക് ലണ്ടനിൽ സ്ഥിരമായ ഒരു വിലാസമില്ലാത്തത് പൊലീസ് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇയാൾ സോനയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ഇന്നലെ തെയിംസ് മജിസ്ട്രേറ്റ് കോടതിക്കു മുമ്പാകെ ഹാജരാക്കി. ഏപ്രിൽ 25 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാൾ സോനയെ ആക്രമിക്കുന്നത്. വെയിറ്റർ ആയി ജോലി ചെയ്യുന്ന സോന ഇയാൾക്ക് ഭക്ഷണം വിളമ്പുന്ന അവസരത്തിലാണ് ഇയാൾ കത്തി എടുത്ത് സോനയെ കുത്തുന്നത്. റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന മറ്റുള്ളവർ അടുത്തേക്ക് ചെല്ലാൻ ശ്രമിക്കുമ്പോൾ അവരെയെല്ലാം ശ്രീരാം ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ശ്രീരാമിനെകുറിച്ചോ ഇയാൾ സോനയെ ആക്രമിച്ചതിനെകുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ലണ്ടൻ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സ്വന്തം വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് പൊലീസിനെ അന്വേഷണത്തിൽ സഹായിക്കുന്ന ക്രൈം സ്റ്റോപ്പേഴ്സ് എന്ന ചാരിറ്റി സംഘടനയുമായി ബന്ധപ്പെടാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് സോന പഠിക്കുന്ന ഈസ്റ്റ് ലണ്ടൻ സർവകലാശാലയിലെ അധികൃതർ അറിയിച്ചു.
Young waitress of 20 stabbed by Sriram Ambarla in East Ham restaurant.. what is the world coming to? pic.twitter.com/sk2G0kPYge
— ਜਿਗਰੀ ਜੱਟ (@JigraaJat) March 28, 2022