df

ചെന്നൈ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിൽ പ്രമുഖരായ ലുലു ഗ്രൂപ്പ് തമിഴ്‌നാട്ടിൽ 3,500 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റ്, ഫുഡ് ലോജിസ്റ്റിക്സ് പാർക്ക് എന്നിവ തുറക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ എം.അഷ്റഫ് അലിയും തമിഴ്നാട് സർക്കാരിന്റെ ഇന്റസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോർട്ട് പ്രമോഷൻ ബ്യൂറോ എം.ഡിയും സി.ഇ.ഒയുമായ പൂജാ കുൽക്കർണിയും ഒപ്പുവച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, വ്യവസായ വകുപ്പ് മന്ത്രി തങ്കം തേനരസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി എന്നിവരും അബു ദാബി ചേംബർ ഒഫ് കൊമേഴ്സ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ചെന്നൈയിൽ 2024 ഓടെ ആദ്യത്തെ ഷോപ്പിംഗ് മാൾ തുറക്കും. കോയമ്പത്തൂരിലെ ലക്ഷ്മി മിൽസ് കോംപൗണ്ടിൽ ഈ വർഷം തന്നെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് തുറക്കും. കാർഷികോത്പ്പന്നങ്ങളുടെ വിദേശ കയറ്റുമതി ലക്ഷ്യമിട്ടുള്ള ഫുഡ് ലോജിസ്റ്റിക്സ് പാർക്കും തമിഴ്നാട്ടിൽ തുറക്കും.

സ്ഥലം നിശ്ചയിക്കുന്നതിന് ലുലുവിലെ ഉന്നതരുടെ സംഘം അധികം വൈകാതെ തമിഴ്നാട് സന്ദർശിക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 225 ഹൈപ്പർമാർക്കറ്റുകൾ നിലവിൽ ലുലുവിനുണ്ട്. 57,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ലുലു പ്രവർത്തനം ആരംഭിച്ചാൽ 15,000 പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കും. അഹമ്മദാബാദിൽ 2,000 കോടി രൂപയുടെ മാൾ തുറക്കാനുള്ള പദ്ധതി നേരത്തെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. യു.പിയിലെ ഗ്രേറ്റർ നോയിഡയിൽ 500 കോടി രൂപയുടെ ഫുഡ് പ്രൊസസിങ് പ്ലാന്റ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 അഹമ്മദാബാദിൽ വരുന്നത് 2,000 കോടി രൂപയുടെ മാൾ