sivakarthikeyan

ചെന്നൈ: കരാർ അനുസരിച്ച് പറഞ്ഞുറപ്പിച്ച തുക കിട്ടിയില്ലെന്ന് കാണിച്ച് നിർമ്മാതാവിനെതിരെ കോടതിയെ സമീപിച്ച് തമിഴ് നടൻ ശിവകാർത്തികേയൻ. തമിഴിലെ പ്രമുഖ നിർമാതാവായ കെ ഇ ജ്ഞാനവേലിനെതിരെയാണ് ശിവകാർത്തികേയൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജ്ഞാനവേലിന്റെ സിനിമാ നിർമ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീൻ നിർമിച്ച 2019ൽ പുറത്തിറങ്ങിയ മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിന് കരാറിൽ പറഞ്ഞ തുക നൽകിയില്ലെന്നാണ് പരാതി.

കരാ‌ർപ്രകാരം ജ്ഞാനവേൽ തനിക്ക് 15 കോടി രൂപ നൽകാമെന്നാണ് ഏറ്റിരുന്നതെന്നും എന്നാൽ ഇതിൽ 11 കോടി രൂപ മാത്രമാണ് നൽകിയതെന്നും ശിവകാർത്തികേയൻ പരാതിയിൽ പറയുന്നു. ഇതിനു പുറമേ നൽകിയ 11 കോടി രൂപയുടെ ടി ഡി എസും നിർമ്മാതാവ് ഒടുക്കാത്തത് തനിക്ക് വീണ്ടും നഷ്ടം ഉണ്ടാക്കിയതായി ശിവകാർത്തികേയൻ പരാതിയിൽ ചൂണ്ടികാണിക്കുന്നു.

2018ലായിരുന്നു മിസ്റ്റർ ലോക്കിന് വേണ്ടി താനും നിർമാതാവും തമ്മിൽ കരാറായത്. നൽകാനുള്ള 15 കോടിയിൽ 14 കോടി രൂപ പല തവണകളായി നൽകാമെന്നും അവസാന ഒരു കോടി ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പായി നൽകാമെന്നുമായിരുന്നു ധാരണയെന്ന് ശിവകാർത്തികേയൻ പറയുന്നു. എന്നാൽ ചിത്രം 2019ൽ പുറത്തിറങ്ങിയെങ്കിലും നൽകാനുള്ള തുക നിർമ്മാതാവ് നൽകിയിരുന്നില്ല.

അതേസമയം നിർമ്മാതാവ് നൽകിയ 11 കോടിയിൽ ടി ഡി എസ് അടച്ചില്ലെന്ന് പറഞ്ഞ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ശിവകാർത്തികേയന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകിയെങ്കിലും പിഴയായി താരത്തിന് 91 ലക്ഷം രൂപ അടയ്ക്കേണ്ടി വന്നു. ഇതാണ് നിർമ്മാതാവിനെതിരെ പരാതി നൽകാൻ താരത്തെ പ്രകോപിപ്പിച്ചത് എന്ന് കരുതുന്നു.