ji

ന്യൂഡൽഹി: കഴിഞ്ഞ അൻപത് വർഷത്തോളമായി തുടരുകയായിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നത്തിന് പരിഹാരമായി. മേഘാലയയും അസാമും തമ്മിലുണ്ടായിരുന്ന അതിർത്തി പ്രശ്‌നങ്ങളാണ് പരിഹരിക്കപ്പെട്ടത്. ഇരുസംസ്ഥാനങ്ങളും തമ്മിൽ അതിർത്തിയിൽ 12ഓളം ഇടങ്ങളിൽ തർക്കമുണ്ടായിരുന്നു. ഇതിൽ ആറെണ്ണമാണ് പരിഹരിക്കപ്പെട്ടത്. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും പ്രശ്‌നങ്ങൾ പരിഹരിച്ച കരാറിൽ ഒപ്പിട്ടു. പ്രശ്‌നപരിഹാരത്തിന് സാക്ഷിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമുണ്ടായിരുന്നു.

'വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇന്ന് ചരിത്രപരമായ ദിനം. അസമും മേഘാലയയും തമ്മിലെ അതിർത്തി കരാറിൽ ഒപ്പുവച്ചു.' അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. ആറ് പോയിന്റുകളിലെ പ്രശ്‌നം പരിഹരിച്ചു. ഇത് ഇരു സംസ്ഥാനങ്ങളിലെയും 70 ശതമാനം പ്രദേശങ്ങൾ വരുന്നതാണ്. ശേഷിക്കുന്നവയും ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2014 മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രധാനമന്ത്രി പ്രവർത്തിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

അസമിൽ നിന്നും 1972ൽ പ്രത്യേക സംസ്ഥാനമായി മേഘാലയ മാറിയ അന്നുമുതലാണ് അതിർത്തി പ്രശ്‌നങ്ങൾ തുടങ്ങിയത്. 884.9 കിലോമീറ്റർ നീളമുള‌ള അതിർത്തിയിൽ 36.79 സ്‌ക്വയർ കിലോമീറ്ററുള‌ള 36 ഗ്രാമങ്ങളുണ്ട്. ഇവിടെ താരാബാരി, ജിസാംഗ്, ബൊക്‌ലപാറ, പിലാംഗ്കട,രതച്ചെറ, ഹാഹിംഗ് എന്നിവിടങ്ങളിലാണ് തർക്കമുണ്ടായിരുന്നത്.

ഇന്ന് ഇരു സംസ്ഥാനങ്ങൾക്കും ചരിത്ര ദിവസമാണെന്ന് മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശർമ്മയും കോൺറാഡ് സാംഗ്‌മയും പറഞ്ഞു. ഈ ചരിത്ര ദൗത്യം നി‌ർവഹിക്കാൻ കാരണമായത് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിരന്തര പരിശ്രമം കൊണ്ടാണെന്നും അവർ സൂചിപ്പിച്ചു.