punjab

ചണ്ഡിഗഡ്: കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 12 സർക്കാർ ജീവനക്കാരെ ബന്ദികളാക്കി പഞ്ചാബിലെ കർഷകർ. കീടങ്ങളുടെ ശല്യം കാരണം പഞ്ഞി കൃഷിയിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി കാരണം കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായാണ് നൂറോളം വരുന്ന കർഷകർ ഒരു പ്രാദേശിക കർഷക സംഘടനയുടെ കീഴിൽ ജീവനക്കാരെ ബന്ദികളാക്കിയത്. തഹസീൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് ഇവർ ബന്ദികളാക്കിയത്.

ഇവരെ പൊലീസ് എത്തി മോചിപ്പിക്കുകയായിരുന്നു. പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നില്ലെന്നും നയതന്ത്രപരമായി കർഷകരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷം ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയായിരുന്നെന്നും സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പൊലീസ് കർഷകർക്കു നേരെ ബലപ്രയോഗം നടത്തിയെന്നും ആറോളം കർഷകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കർഷക നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പഞ്ചാബിൽ പുതുതായി അധികാരത്തിലേറിയ ആപ്പ് സർക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ഈ സംഭവം. ന്യൂഡൽഹിയിലെ ഭരണം പോലെ അത്ര എളുപ്പമായിരിക്കില്ല കർഷകർക്ക് വളരെയേറെ പ്രാധാന്യമുള്ള പഞ്ചാബിലെ ഭരണം എന്ന് ആപ്പ് സർക്കാർ ഇതിനോടകം മനസിലാക്കിയിട്ടുണ്ട്.