tharoor

തിരുവനന്തപുരം: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികളടക്കം പിന്തുണയ്‌ക്കുന്ന 12 അഖിലേന്ത്യാ ട്രേഡ് യൂണിയനുകളും 32 സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളുമാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി വഴിതടയലും അക്രമവും നടത്തിയ വാർത്തകൾ വന്നിരുന്നു. 48 മണിക്കൂർ പണിമുടക്കിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി ശശി തരൂർ എം.പി.

ഫേസ്‌ബുക്ക് പോസ്‌റ്റിൽ മറ്റൊരു ഫേസ്‌ബുക്ക് പേജിലെ പോസ്‌റ്റ് ഷെയർ ചെയ്‌താണ് തലസ്ഥാനത്തെ എം.പി തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധം അവകാശവും ആവശ്യവുമാണ്. എന്നാൽ ജനങ്ങളുടെ നിത്യജീവിത മാർഗം ഇല്ലാതാക്കി പ്രതിഷേധിക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തിന് മേലുള‌ള കടന്നുകയറ്റമാണെന്നും അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധ മാർഗമല്ലെന്നും അദ്ദേഹം തന്റെ പോസ്‌റ്റിൽ പറയുന്നു.

ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ഈ വിഷയത്തിൽ എന്റെ അഭിപ്രായവും ഇത് തന്നെയാണ്. ഹർത്താലിനെ ഞാൻ എന്നും എതിർത്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഹർത്താൽ കൊണ്ടുള്ള അടച്ച് പൂട്ടലുകൾ കൊണ്ടു കൂടി യാതനകൾ അനുഭവിക്കുന്നു.
പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല. അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല.