sanju-devdutt

പൂനെ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തങ്ങളുടെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസണും മദ്ധ്യനിര ബാറ്റർ ദേവ്ദത്ത് പടിക്കലും നി‌ർദ്ദേശങ്ങൾ കൈമാറിയത് മലയാളത്തിൽ. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജുവും ദേവ്ദത്ത് പടിക്കലും ചേർന്ന് 41 പന്തിൽ 73 റണ്ണിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

മുംബയിലെ വാങ്കഡെ പിച്ചിനെ അപേക്ഷിച്ച് ബാറ്റർമാരെ കൂടുതൽ തുണയ്ക്കുന്ന പിച്ചായിരുന്നു പൂനെയിലേത്. അത് നന്നായി മുതലെടുത്ത സഞ്ജുവും ദേവ്ദത്ത് പടിക്കലും ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. അതിനിടയ്ക്കായിരുന്നു പടിക്കലിനോടുള്ള സഞ്ജുവിന്റെ ചോദ്യം. 'നന്നായി വരുന്നുണ്ടല്ലേ' എന്നായിരുന്നു സഞ്ജു ദേവ്ദത്തിനോട് ചോദിച്ചത്. പന്ത് ബാറ്റിലോട്ട് അടിക്കാൻ പാകത്തിൽ വരുന്നുണ്ടല്ലേ എന്നായിരുന്നു സഞ്ജു ഉദ്ദേശിച്ചത്. അത് ദേവ്ദത്തിന് മനസിലായി, പക്ഷേ സൺറൈസേഴ്സ് ഹൈദരാബാദിലെ ഒറ്റ താരത്തിനും ഇതിന്റെ അ‌ർത്ഥം മനസിലായില്ല.

കേരളത്തിന്റെ മുൻ രഞ്ജി ക്യാപ്ടനായ സഞ്ജു നിലവിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ്. ബംഗളൂർ മലയാളിയായ ദേവ്ദത്ത് പടിക്കൽ മലപ്പുറം സ്വദേശിയാണ്. നന്നായി മലയാളം സംസാരിക്കുന്ന ദേവ്ദത്ത് കർണാടകത്തിന് വേണ്ടിയാണ് കളിക്കുന്നത്. വൻ തുക മുടക്കിയാണ് ദേവ്ദത്തിനെ ഇത്തവണ രാജസ്ഥാൻ സ്വന്തമാക്കിയത്.