
കൊൽക്കത്ത: പകരക്കാരനായിറങ്ങിയ റൊണാൾഡ് സിംഗ് 90-ാം മിനിട്ടിൽ നേടിയ ഗോളിൽ ഐലീഗിൽ രാജസ്ഥാൻ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് ഗോകുലം കേരള എഫ്.സി. കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 27 -ാം മിനിറ്റിൽ സാർഡോർ യാഖോനോവ് പെനാൽറ്റിയിലൂടെ രാജസ്ഥാൻ മുന്നിൽ എത്തുകയായിരിന്നു.
തുടർന്ന് 66-ാം മിനിട്ടിൽ പ്രതിരോധ താരം ഒമർ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ഗോകുലത്തിന്റെ മുന്നേറ്റങ്ങളെ ധീരമായി തടഞ്ഞ രാജസ്ഥാൻ എന്നാൽ അവസാന നിമിഷം റൊണാൾഡിന്റെ ഗോൾ വഴങ്ങി അർഹിച്ച ജയം കൈവിടുകയായിരുന്നു. 83-ാം മിനിട്ടിലാണ് ഗോകുലം കോച്ച് വിൻസെൻസോ പ്രധിരോധ താരം അമിനോ ബൗബയ്ക്കു പകരമായി സ്ട്രൈക്കർ റൊണാൾഡ് സിംഗിനെ കളത്തിലിറക്കിയത്.
ഇഞ്ചുറി ടൈമിൽ വിജയ ഗോളിന് വേണ്ടി ഗോകുലം പൊരുതിയെങ്കിലും രാജസ്ഥാൻ വല പിന്നീട് കുലുക്കാനായില്ല. കളിച്ച ഏഴു കളികളിൽ ഒന്നിൽ പോലും തോൽക്കാതെ ഗോകുലം 15 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുകയാണ്.കഴിഞ്ഞ ആറു മത്സരങ്ങളിൽ ആദ്യമായിട്ടാണ് ഒരു ടീം രാജസ്ഥാന് എതിരെ ഗോൾ നേടുന്നത്. സംഭവബഹുലമായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രാജസ്ഥാൻ കോച്ച് ഫ്രാൻസെസ്കും ചുവപ്പു കാർഡ് കണ്ടു. ഗോകുലത്തിന്റെ അടുത്ത മത്സരം ഐസ്വാൾ എഫ് സിക്ക് എതിരെ ഏപ്രിൽ 1 നു നൈഹാട്ടി സ്റ്റേഡിയത്തിൽ നടക്കും