
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. ശ്രീലങ്കയിലെ ആശുപത്രികളിൽ മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ സഹായം അനുവദിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. മരുന്ന് അടക്കമുള്ളവ ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകും.
സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവമാണ് ശസ്ത്രക്രിയകൾ നിറുത്തി വയ്ക്കുന്നതിലേക്ക് ശ്രീലങ്കയിലെ ആശുപത്രികളെ നയിച്ചത്. പല മരുന്നുകൾക്കും കടുത്ത ദൗർലഭ്യമാണ് നേരിടുന്നത്. ഉയർന്ന വിലയുടെ മരുന്ന് വാങ്ങാൻ ശേഷിയില്ലാത്ത സാധാരണക്കാരായ രോഗികൾ ഇതോടെ പ്രതിസന്ധിയിലാവുകയായിരുന്നു. കടുത്ത ഡോളർ പ്രതിസന്ധി കാരണം മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാത്ത സ്ഥിതിയാണ് ശ്രീലങ്കയിൽ. സർക്കാർ ആശുപത്രികളിലും ക്ഷാമം രൂക്ഷമാണ്.
നിലവിൽ ബിംസ്റ്റെക് ഉച്ചകോടിയുടെ ഭാഗമായി ശ്രീലങ്കയിലുള്ള വിദേശകാര്യ മന്ത്രി ജയ്ശങ്കർ വിവരമറിഞ്ഞതോടെ ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചര്‍ച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് നിർദ്ദേശിച്ചിരുന്നു. കാന്‍ഡിയിലെ പെരഡെനിയ ടീച്ചിംഗ് ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും നിറുത്തിവച്ചെന്ന വാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്ന് ജയശങ്കർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്നിന്റെ ഫലങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന മരുന്നായ നിയോസ്റ്റിഗ്മൈൻ ഉള്‍പ്പെടെയുള്ളവ ഇല്ലാത്തതിനാലാണ് എല്ലാ ശസ്ത്രക്രിയകളും താല്‍ക്കാലികമായി നിറുത്തിവയ്ക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യ എല്ലാ വിധത്തിലും സഹായിക്കുമെന്ന് ജയ്ശങ്കർ ശ്രീലങ്കൻ അധികൃതർക്ക് ഉറപ്പ് നൽകി. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ, പ്രധാനമന്ത്രി മഹേന്ദ രജപക്സെ, ധനകാര്യമന്ത്രി ബേസില്‍ രജപക്സെ എന്നിവരുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
അതേ സമയം, ഭക്ഷണവും മരുന്നും ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളർ കൂടി ലങ്ക ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ 100 കോടി ഡോളർ സാമ്പത്തിക സഹായം ഇന്ത്യ നേരത്തെ ശ്രീലങ്കയ്ക്ക് നൽകിയിരുന്നു.
കൂടാതെ, കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ 50 കോടി ഡോളറും ഇന്ത്യ വായ്പ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കെടുതിയിൽപ്പെട്ട ശ്രീലങ്ക സഹായ ഹസ്തത്തിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് രണ്ടായിരം ടൺ അരി നൽകുമെന്ന് ചൈന അറിയിച്ചിരുന്നു. ഇന്ധനക്ഷാമത്തെ അതിജീവിക്കാൻ 40,000 ടൺ ഡീസൽ നൽകുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.
അതേ സമയം, ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കുന്നതുൾപ്പടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ശ്രീലങ്കൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക് ഉച്ചകോടിയിൽ ഇന്നലെ ജയ്ശങ്കർ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.
ബിംസ്റ്റെകിൽ പങ്കെടുത്ത് ജയശങ്കർ
കൊളംബോ : തീവ്രവാദത്തിനും അക്രമത്തിനും ഏതിരെ ഒരുമിച്ച് പോരാടണമെന്ന് ബിംസ്റ്റെക് രാജ്യങ്ങളോട് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഊർജം, കണക്റ്റിവിറ്റി, സമുദ്ര മേഖലകളിലെ സഹകരണം തീവ്രമാക്കാനും വിപുലീകരിക്കാനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബന്ധത അദ്ദേഹം ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെകിന്റെ 18ാമത് മിനിസ്റ്റീരിയൽ ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി. നേപ്പാൾ, ഭൂട്ടാൻ വിദേശകാര്യ മന്ത്രിമാരുമായി ജയശങ്കർ ചർച്ച നടത്തി.
അതേ സമയം, ടെക്നോളജി, ഫിഷറീസ്, ഹൈബ്രിഡ് പവർ പ്രോജക്ട് തുടങ്ങിയ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് ആറ് കരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും ഒപ്പിട്ടു. ജാഫ്നയിലെ മൂന്ന് ദ്വീപുകളിൽ ഹൈബ്രിഡ് പവർ പ്രോജക്ടുകൾ നടപ്പാക്കാനും ശ്രീലങ്കയിലെ ഫിഷറീസ് ഹാർബറുകളുടെ വികസനത്തിലെ സഹകരണത്തിനും ധാരണയായി.
ഇരുരാജ്യങ്ങൾക്കുമിടെ പാകി കടലിടുക്കിൽ ശ്രീലങ്കൻ ദ്വീപുകളിൽ മൂന്ന് കാറ്റാടി പാടങ്ങൾ വികസിപ്പിക്കാൻ ഇന്ത്യ സമ്മതമറിയിച്ചു. ആദ്യം ഒരു ചൈനീസ് കമ്പനിയെ ആയിരുന്നു 12 ദശലക്ഷം ഡോളർ ചെലവ് വരുന്ന വിൻഡ് ടർബൈൻ നിർമ്മാണ പദ്ധതിയ്ക്ക് നിശ്ചയിച്ചിരുന്നതെങ്കിലും അതിനെ ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.