
ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടി സഞ്ജുവിന്റെ രാജസ്ഥാൻ,
ഹൈദരാബാദിനെ 61 റൺസിന് കീഴടക്കി,
സഞ്ജുവിന് അർദ്ധ സെഞ്ച്വറി
മുംബയ്: ഇന്ത്യൻ പ്രിമിയർ ലീഗിൽ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 61 റൺസിനാണ് രാജസ്ഥാൻ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എന്ന മികച്ച ടോട്ടൽ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
211 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുിടർന്നിറങ്ങിയ ഹൈദരാബാദിന്റെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
രണ്ടാം ഓവറിലെ നാലാം പന്തിൽ നായകൻ കേൻ വില്യംസണെ (2) പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഹൈദരാബാദിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. വില്യംസണിന്റെ ബാറ്റിലുരസിയ പന്ത് വലത്തേക്ക് ഡൈവ് ചെയ്ത സഞ്ജുവിന്റെ ഗ്ലൗസിൽ തട്ടിത്തെറിച്ചു.ഇത് ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന ദേവ്‌ദത്ത് പടിക്കൽ പിടിച്ചെടുക്കുകയായിരുന്നു. വിക്കറ്റ് തീരുമാനിക്കാൻ തേർഡ് അമ്പയർ അനന്തപദ്മനാഭന്റെ സഹായം വേണ്ടിവന്നു. എന്നാൽ പന്ത് തറയിൽ തട്ടിയശേഷമാണ് ദേവ്‌ദത്ത് പിടിച്ചതെന്ന രീതിയിൽ വിവാദമുയർന്നു. ഒരു ഘട്ടത്തിൽ 37/5 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എയ്ഡൻ മർക്രം (പുറത്താകാതെ 57), വാഷിംഗ്ടൺ സുന്ദർ (14 പന്തിൽ 40) എന്നിവർക്ക് മാത്രമാണ് ഹൈദരാബാദ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. യൂസ്‌വേന്ദ്ര ചഹൽ മൂന്നും പ്രസിദ്ധ് കൃഷ്ണ, ബൗൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
)
നേരത്തേ വെടിക്കെട്ട് ബാറ്റിംഗുമായി നിറഞ്ഞാടിയ ക്യാപ്ടൻ സഞ്ജു സാംസണാണ് (27 പന്തിൽ 55 ) രാജസ്ഥാൻ റോയൽസിനെ വമ്പൻ സ്കോറിലെത്തുിക്കാൻ നിർണായക പങ്കുവഹിച്ചത്. 5 കൂറ്റൻ സിക്സുകളും 3 ഫോറും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. രാജസ്ഥാൻ റോയൽസിനായി സഞ്ജുവിന്റെ 100-ാം മത്സരമായിരുന്നു ഇത്. മറ്റൊരു മലയാളി താരം ദേവ്‌ദത്ത് പടിക്കൽ (29 പന്തിൽ 41) സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി രാജസ്ഥാൻ സ്കോർ അതിവേഗം ഉയർത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 41 പന്തിൽ 73 റൺസാണ് കൂട്ടിച്ചേർത്തത്. രാജസ്ഥാന്റെ സ്കോർ 148ൽ വച്ച് പടിക്കലിന്റെ കുറ്റിതെറിപ്പിച്ച് ഉമ്രാൻ മാലിക്കാണ് കൂട്ടുകെട്ട് തകർത്തത്. 2 സിക്സും 4 ഫോറും ദേവ്‌ദത്ത് നേടി.
 ഓപ്പണർ ജോസ് ബട്ട്ലർ (28 പന്തിൽ 35), ഷിമ്രോൺ ഹെറ്റ്മേയർ (13 പന്തിൽ 32), യശ്വസി ജയ്സ്വാൾ (16 പന്തിൽ 20), റയാൻ പരാഗ് (9 പന്തിൽ 12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സംഭാവനകൾ. കോൾട്ടർ നിൽ (1) പുറത്താകാതെ നിന്നു.
3 സിക്സും 2 ഫോറും അടിച്ചുകൂട്ടിയ ഹെറ്റ്മേയർ അഞ്ചാം വിക്കറ്റിൽ റയാൻ പരാഗിനൊപ്പം 19 പന്തിൽ 44 റൺസാണ് റോയൽസിന്റെ സ്കോർ കാർഡിൽ കൂട്ടിച്ചേർത്തത്.
നേരത്തേ ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ താളം കണ്ടെത്താൻ പാടുപെട്ട ബട്ട്ലർ നാലാം പന്തിൽ സ്ലിപ്പിൽ സമദിന് ക്യാച്ച് നൽകിയെങ്കിലും നോ ബാൾ വഴി ഭാഗ്യം തുണയ്ക്കുകയായിരുന്നു. ആദ്യ ഓവറിൽ നോബാളിലൂടെയുള്ള ഒരു റൺസേ ഭുവി വവങ്ങിയുള്ളൂ. പതിയെ താളം കണ്ടെത്തിയ ബട്ട്ലർ ഉമ്രാൻ മാലിക്ക് എറിഞ്ഞ നാലാം ഓവറിൽ 21 റൺസാണ് അടിച്ചെടുത്തത്. നടരാജനും ഉമ്രാനും ഹൈദരാബാദിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ മത്സരം
ബാംഗ്ലൂർ - കൊൽക്കത്ത
(രാത്രി 7.30 മുതൽ)