ronald-singh

കൊൽക്കത്ത: സൂപ്പർ സബ് റൊണാൾഡ്‌ സിംഗിന്റെ 90ാം മിനിട്ടിലെ ഗോളിലൂടെ രാജസ്ഥാൻ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ഗോകുലം കേരള എഫ് സി. മത്സരത്തിന്റെ അവസാന നിമിഷം വരെ പിന്നിൽ നിന്ന ഗോകുലം, 90ആം മിനിറ്റിലെ ഗോളിലൂടെ സമനില പിടിക്കുകയാരുന്നു.

ഏഴു കളികളിൽ ഒന്നിൽ പോലും തോൽക്കാതെ 15 പോയിന്റുമായി ഗോകുലം ഐ ലീഗിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്. കളിയുടെ 27 ആം മിനിറ്റിൽ സാർഡോർ യാഖോനോവ് പെനാൽറ്റിയിലൂടെ രാജസ്ഥാനെ മുന്നിൽ എത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതിനു ശേഷം ഗോകുലം തുടരെ ആക്രമണം അഴിച്ചു വിട്ടെങ്കിലും ലക്ഷ്യത്തിൽ എത്തിയില്ല.

66ആം മിനിറ്റിൽ രാജസ്ഥാന്റെ ഡിഫൻഡർ ഒമർ റാമോസ് ചുവപ്പു കാർഡ് കിട്ടി പുറത്തു പോയത് കളിയിൽ വഴിത്തിരിവായി. അതിനു ശേഷം പത്തു പേരായി ചുരുങ്ങിയ രാജസ്ഥാന് എതിരെ ഗോകുലം കോച്ച് വിൻസെൻസോ പ്രതിരോധ താരം അമിനോ ബൗബയ്ക്കു പകരമായി സ്‌ട്രൈക്കർ റൊണാൾഡ്‌ സിംഗിനെ ഇറക്കുകയായിരിന്നു. ഈ നീക്കം ഫലം കാണുകയും, ഗോകുലം അവസാന നിമിഷം സമനില ഗോൾ റൊണാൾഡിലൂടെ നേടുകയും ചെയ്തു. കഴിഞ്ഞ ആറു മത്സരങ്ങളിൽ ആദ്യമായിട്ടാണ് ഒരു ടീം രാജസ്ഥാന് എതിരെ ഗോൾ നേടുന്നത്.

ഇഞ്ചുറി ടൈമിൽ വിജയ ഗോളിന് വേണ്ടി ഗോകുലം പൊരുതിയെങ്കിലും കളി സമനിലയിൽ പിരിയുകയായിരിന്നു. സംഭവബഹുലമായ മത്സരത്തിൽ രാജസ്ഥാൻ കോച്ച് ഫ്രാൻസെസ്‌ക് അധിക സമയത്തു ചുവപ്പു കാർഡ് നേടി പുറത്തു പോയി. ഗോകുലത്തിന്റെ അടുത്ത മത്സരം ഐസ്‌വാൾ എഫ് സിക്ക് എതിരെ ഏപ്രിൽ 1 നു നൈഹാട്ടി സ്റ്റേഡിയത്തിൽ നടക്കും.