
ഇസ്ലാമാബാദ് : തന്റെ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫിൽ ( പിടിഐ ) നിന്നുള്ള എല്ലാ ദേശീയ അസംബ്ലി അംഗങ്ങളും തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കാട്ടി കത്തയച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ' പ്രമേയത്തിൽ ഏഴ് ദിവസത്തിനുള്ളിൽ വോട്ട് നടക്കും. നാഷണൽ അസംബ്ലിയിലെ എല്ലാ അംഗങ്ങളും വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയോ അല്ലെങ്കിൽ വോട്ടിംഗിനായി ദേശീയ അസംബ്ലിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്യണം." കത്തിൽ പറയുന്നു. വോട്ടിംഗ് ദിവസവും സമയവും അംഗങ്ങളാരും ഉണ്ടാകാൻ പാടില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മാത്രം പിടിഐയ്ക്ക് വേണ്ടി സംസാരിക്കുമെന്നും കത്തിൽ പരാമർശിക്കുന്നു. ഏതെങ്കിലും പാർലമെന്ററി പാർട്ടിക്കോ ഗ്രൂപ്പിനോ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ഒരു സഹായവും നൽകരുതെന്നും നിർദ്ദേശങ്ങളുടെ ലംഘനം ആർട്ടിക്കിൽ 63എ പ്രകാരം കൂറുമാറ്റമായി കണക്കാക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. അതേ സമയം, പാർട്ടി അംഗമായ അസിം നാസിർ രാജിവച്ച് പ്രതിപക്ഷപാർട്ടിയായ പാകിസ്ഥാൻ മുസ്ലിം ലീഗിൽ ചേർന്നു. ഇമ്രാൻ ഖാനെ പിന്തുണച്ചിരുന്ന സ്വതന്ത്ര എം.എൽ.എയായിരുന്ന അസ്‌ലം ഭൂതനിയും രാജിവച്ചു. പ്രതിപക്ഷത്തിനൊപ്പം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഇയാൾ അറിയിച്ചു. തിങ്കളാഴ്ചയാണ് ഇമ്രാൻ ഖാനെതിരെ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഈ വ്യാഴാഴ്ച പ്രമേയത്തിന് മേലുള്ള ചർച്ച ആരംഭിക്കും. രണ്ട് പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രമേയം കൊണ്ടുവന്നത്. സ്വന്തം പാർട്ടിയിലെ ഏതാനും അംഗങ്ങളും ഇമ്രാന് എതിരാണ്. ഏപ്രിൽ നാലിനാണ് അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടക്കുക. 342 അംഗ ദേശീയ അസംബ്ലിയിൽ 172 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ അവിശ്വാസ പ്രമേയം പാസാകും. 155 സീറ്റുകളാണ് ഇമ്രാന്റെ പാര്‍ട്ടിക്കുള്ളത്.