rr

പൂനെ: സൺറൈസേഴ്സ് ഹൈദരാബാദിനെ 61റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മലയാളി താരങ്ങളായ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റണ്ണെടുത്തു. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനെ സൺറൈസേഴ്സ് ഹൈദരാബാദിന് സാധിച്ചുള്ളു.

ഇത് ആദ്യമായാണ് ഇക്കൊല്ലത്തെ ഐ പി എല്ലിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം വിജയിക്കുന്നത്. ഇതിനാൽ തന്നെയാകണം ടോസ് നേടിയ ഹൈദരാബാദ് ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ രാജസ്ഥാനെ ബാറ്റിംഗിന് അയച്ചത്. എന്നാൽ മുംബയിലെ പിച്ചിൽ നിന്ന് വ്യത്യസ്ഥമായി ബാറ്റർമാരെ കുറച്ചു കൂടുതൽ തുണയ്ക്കുന്ന പിച്ചായിരുന്നു പൂനെയിലേത്. അവസരം പരമാവധി മുതലെടുത്ത രാജസ്ഥാൻ താരങ്ങൾ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. ഓപ്പണർമാരായ ജോസ് ബട്ടലറും (28 പന്തിൽ 35) യശ്വസ്‌വി ജയിസ്‌വാളും (16 പന്തിൽ 20) ചേർന്ന് ആദ്യ വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ ഇരുവരും പുറത്തായതിന് ശേഷം മൂന്നാം വിക്കറ്റിൽ ഒത്തുച്ചേർന്ന മലയാളി താരങ്ങളായ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും പ്രകടനമാണ് രാജസ്ഥാന് നിർണായകമായത്. 27 പന്തിൽ 55 റൺസെടുത്ത സഞ്ജുവും 29 പന്തിൽ 41 റൺസെടുത്ത് ദേവ്ദത്തും ചേർന്ന് രാജസ്ഥാനെ മികച്ച നിലയിൽ എത്തിച്ചു. അവസാന ഓവറുകളിൽ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ (13 പന്തിൽ 32) ആക്രമിച്ചതോടെ രാജസ്ഥാൻ കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ തുടക്കം തന്നെ സൺറൈസേഴ്സിന് പിഴച്ചു. രണ്ടാം ഓവറിൽ തന്നെ ക്യാപ്ടൻ കെയ്ൻ വില്ല്യംസണിനെ പ്രസീദ് കൃഷ്ണ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ താളം പിഴച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഹൈദരാബാദ് ഒരവസരത്തിൽ 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 37 എന്ന അവസ്ഥയിലായിരുന്നു. ഇന്നിംഗ്സിന്റെ അവസാനം എയിഡൻ മാർക്ക്റാം (41 പന്തിൽ 57) റൊമാരിയോ ഷെപ്പേർഡ് (18 പന്തിൽ 24), വാഷിംഗ്ടൺ സുന്ദർ (14 പന്തിൽ 40) എന്നിവരോടൊപ്പം നടത്തിയ പ്രത്യാക്രമണമാണ് സൺറൈസേഴ്സിന് മാന്യമായ സ്കോർ നേടിക്കൊടുത്തത്. രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റുകളും ട്രെൻഡ് ബൗൾട്ട്, പ്രസീദ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.