
മൂന്നാർ: പണിമുടക്കിനെ തുടർന്നുളള പരിപാടിക്കിടെ പൊലീസും സമരാനുകൂലികളും തമ്മിൽ നടന്ന തർക്കത്തിനിടെ എംഎൽഎയെ തല്ലിയ എസ്.ഐയ്‌ക്ക് സ്ഥലംമാറ്റം. ദേവികുളം എംഎൽഎ രാജയെ മർദ്ദിച്ച എസ്.ഐ സാഗറിനെയാണ് ഡിസിആർബിയിലേക്ക് സ്ഥലംമാറ്റിയത്.
ഉച്ചയ്‌ക്ക് മൂന്നാറിൽ പൊതുയോഗം നടക്കുന്നതിന് മുന്നിൽ നിന്ന ട്രേഡ് യൂണിയൻ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായി. തുടർന്ന് എസ്.ഐ പ്രവർത്തകരെ തളളിമാറ്റി. ഇതിൽ ഇടപെടാനെത്തിയ എംഎൽഎയെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു. മറ്റ് പ്രവർത്തകർക്കും മർദ്ദനമേറ്റു.
ഇതോടെ എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ശക്തമായ നിയമ നടപടി വേണമെന്നായിരുന്നു ആവശ്യം. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശിയാണ് ആവശ്യവുമായെത്തിയത്. മദ്യപിച്ച് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രശ്‌നകാരണമെന്ന് കെ.വി ശശി ആരോപിച്ചു.